പാലക്കാട്: നിർദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങി നടന്നതിന് പാലക്കാട്ടെ കൊറോണ ബാധിതനെതിരെ കേസ് എടുത്തു. മണ്ണാർക്കാട് കാരക്കുറിശ്ശി സ്വദേശിക്കെതിരെയാണ് കേസ്. വിദേശത്ത് നിന്ന് എത്തി വീട്ടിൽ ഐസൊലേഷനിൽ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ച് ഇയാൾ നാട്ടിൽ സ്വതന്ത്ര വിഹാരം നടത്തുകയായിരുന്നു. കെ എസ് ആർ ടി സി കണ്ടക്ടറായ ഇയാളുടെ മകൻ ഉൾപ്പെടെ വീട്ടുകാരെല്ലാം നിലവിൽ നിരീക്ഷണത്തിലാണ്.
മാർച്ച് പതിമൂന്നിനാണ് ഇയാൾ ദുബായിൽ നിന്ന് ഉംറ കഴിഞ്ഞ് നാട്ടിലെത്തിയത്. മാർച്ച് 21നാണ് ഇയാൾ നിരീക്ഷണത്തിലാകുന്നത്. അത് വരെ നാട്ടിലും ബന്ധുക്കളുടെ വീടുകളിലും അയൽ ജില്ലയായ മലപ്പുറത്തുമൊക്കെ ഇയാൾ സഞ്ചരിച്ചതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. രണ്ട് തവണ ജുമാ നമസ്കാരത്തിന് പള്ളിയിൽ പോയ ഇയാൾ നാല് തവണ ആശുപത്രികളിൽ പോയിട്ടുണ്ട്. രണ്ട് സർക്കാർ ആശുപത്രികളിലും രണ്ട് സ്വകാര്യ ആശുപത്രികളിലുമാണ് ഇയാൾ പോയിട്ടുള്ളത്. ഇയാൾ പോയ സ്ഥലങ്ങൾ ഉൾപ്പെടുത്തി വലിയ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
അതേസമയം കെ എസ് ആർ ടി സി കണ്ടക്ടറായ ഇയാളുടെ മകൻ ഡ്യൂട്ടി ചെയ്ത ബസ്സിലെ യാത്രക്കാരെ കണ്ടെത്തുക എന്നതും വെല്ലുവിളിയായി മുന്നിൽ നിൽക്കുകയാണ്.











