ഡൽഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അപേക്ഷയുമായി അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതിക്കേസിലെ പ്രതി ക്രിസ്റ്റ്യൻ മിഷേൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ജയിലിൽ നിന്ന് വൈറസ് ബാധ ഉണ്ടായേക്കുമോയെന്ന് ഭയപ്പെടുന്നതായും ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് മിഷേലിന്റെ അപേക്ഷ.
പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിക്കണമെന്നും വൈറസ് ബാധയേൽക്കാൻ സാദ്ധ്യതയുണ്ടെന്നും അഭിഭാഷകനായ അൽജോ കെ ജോസഫ് മുഖേന സമർപ്പിച്ച ജാമ്യാപേക്ഷയിൽ മിഷേൽ വ്യക്തമാക്കുന്നു. അൻപത്തിയൊൻപത് വയസ്സുകാരനായ മിഷേൽ ജയിലിൽ രോഗബാധയുണ്ടായെന്ന വാർത്തയെ തുടർന്ന് സമ്മർദ്ദത്തിലാണെന്നും മഹാരോഗം പടരുന്ന സാഹചര്യത്തിൽ ജയിലുകളിലെ തിങ്ങി നിറഞ്ഞ ചുറ്റുപാടുകൾ അപകടകരമാണെന്നും അപേക്ഷയിൽ പറയുന്നു.
അഗസ്റ്റ് വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നുള്ള കേസിൽ 2018ലാണ് ക്രിസ്റ്റ്യൻ മിഷേലിനെ ദുബായ് ഇന്ത്യക്ക് കൈമാറിയത്. ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി നിന്ന ക്രിസ്റ്റ്യൻ മിഷേലിന്റെ ക്രമക്കേടുകളിലെ പങ്കാണ് സിബിഐ അന്വേഷിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചതിനാണ് എൻഫോഴ്സ്മെന്റ് വകുപ്പ് അന്വേഷണം നടത്തുന്നത്.
എന്നാൽ മിഷേലിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്ന് കണ്ടെത്തിയ വിചാരണ കോടതി, ഇയാൾ നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു.
Discussion about this post