ലോകത്താകമാനം മരണം വിതച്ച് കൊറോണ വൈറസ് വ്യാപനം തുടരുമ്പോൾ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ഒരു സംഘം ചൈനീസ് ശാസ്ത്രജ്ഞർ. വിനാശകാരിയായ ഈ വൈറസ് ചൈനയിലെ വുഹാനിലെ ഏതെങ്കിലും ഒരു ലാബിൽ നിന്നാവാം ഉടലെടുത്തത് എന്നതാണ് ഇവരുടെ നിഗമനം. അമേരിക്കൻ മാദ്ധ്യമ പ്രവർത്തകനായ ടക്കർ കാൾസണാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.
വുഹാനിലെ ലബോറട്ടറിയിൽ നിന്നും പുറത്തു ചാടിയ മനുഷ്യസൃഷ്ടിയായ വൈറസാണ് ഇന്ന് ലോകത്തെ കിടുകിടെ വിറപ്പിക്കുന്ന കൊലയാളി കൊറോണ വൈറസ് എന്ന സിദ്ധന്തത്തിന് ബലം പകരുന്ന കണ്ടെത്തലാണ് ദക്ഷിണ ചൈന സാങ്കേതിക സർവ്വകലാശാലയിലെ ഗവേഷകരെ ഉദ്ധരിച്ച് കാൾസൺ റിപ്പോർട്ട് ചെയ്യുന്നത്. വൈറസ് വ്യാപനത്തിന് കാരണമായി എന്ന് വിശ്വസിക്കപ്പെടുന്ന പ്രത്യേക ഇനം വവ്വാലുകൾ വുഹാനിലെ വിപണിയിൽ ലഭ്യമായിരുന്നില്ലെന്നും ഇവ പ്രാദേശികമായി അധികം കാണപ്പെടാത്ത വിഭാഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അത് കൊണ്ട് തന്നെ ഇവയിൽ നിന്നും മനുഷ്യനിലേക്ക് നേരിട്ട് രോഗം പടർന്നിട്ടുണ്ടാകാമെന്ന നിഗമനം ഇവർ തള്ളിക്കളയുന്നു. 900 കിലോമീറ്റർ പറക്കാനുള്ള കഴിവ് ഈ വവ്വാലുകൾക്ക് ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ രോഗം കണ്ടെത്തിയ വുഹാനിലെ മാംസ വിപണിയിൽ നിന്നും നൂറ് വാര അകലെയുള്ള ലാബിൽ ഇവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നുണ്ട്. ഇതാണ് വൈറസ് ലാബിൽ നിന്ന് പടർന്നതാകാമെന്ന നിഗമനത്തിലേക്ക് ഗവേഷകരെ എത്തിക്കുന്ന സാദ്ധ്യത.
ഇത്തരം വവ്വാലുകളുടെ വിൽപ്പനയോ ഭക്ഷണാവശ്യത്തിനുള്ള ഉപഭോഗമോ വുഹാനിലെ വ്യാപാരശാലകളിൽ നിലവിലില്ലെന്നും പ്രദേശവാസികളും വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. അതേസമയം വുഹാനിലെ ലാബുകളുടെ അനാസ്ഥയ്ക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇവിടങ്ങളിൽ ഗവേഷണാവശ്യങ്ങൾക്കായി കൂട്ടിലടച്ച മൃഗങ്ങളെ ഉപയോഗിക്കാറുണ്ടെന്നും അവയുടെ അവശിഷ്ടങ്ങൾ പലപ്പോഴും മാംസ വ്യാപാര കേന്ദ്രങ്ങളുടെ സമീപത്ത് നിന്നും കണ്ടെത്താറുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ആദ്യം രോഗികളെ പരിച്ചരിച്ച ഡോക്ടർമാർക്ക് രോഗബാധയുണ്ടായത് ആരോഗ്യ വകുപ്പിന്റെ പ്രകടമായ അനാസ്ഥയുടെ ഉദാഹരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
2002ലെ സാർസ് ബാധയ്ക്ക് കാരണവും വവ്വാലുകളായിരുന്നു. എന്നിട്ടും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താതെ ഇവയെ ലാബിൽ അശ്രദ്ധമായി കൈകാര്യം ചെയ്തതും വിമർശിക്കപ്പെടുന്നു. ലാബിൽ വെച്ച് വൈറസ് ഇനങ്ങളുടെ സംയോജനം വവ്വാലുകളിൽ നടന്നിട്ടുണ്ടാകാനുള്ള സാദ്ധ്യതയും റിപ്പോർട്ടിൽ പറയപ്പെടുന്നു.
വുഹാനിലെ ലാബിൽ നിന്നും രോഗബാധ ഉണ്ടായിരിക്കാമെന്നും പ്രകൃത്യാലുള്ള പുനസംയോജനം അനുകൂല സാഹചര്യങ്ങളിൽ വവ്വാലുകൾക്കുള്ളിൽ സംഭവിച്ചതിന്റെ ഫലമാകാം നോവൽ കൊറോണ 2019 വൈറസിന്റെ ഉത്ഭവത്തിന് കാരണമെന്നും ഈ പരിണാമ സാദ്ധ്യത കൂടുതൽ പഠനവിധേയമാക്കപ്പെടേണ്ടതാണെന്നും പറഞ്ഞു കൊണ്ടാണ് റിപ്പോർട്ട് അവസാനിക്കുന്നത്. ഇത്തരം ലാബുകൾ നഗരാതിർത്തിക്ക് പുറത്തേക്ക് മാറ്റി സ്ഥാപിക്കപ്പെടേണ്ടതാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ മേലിലെങ്കിലും കർശനമായി പാലിക്കപ്പെടണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നതായി കാൾസൺ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം വൈറസ് വ്യാപനത്തിന്റെ ഉത്തരവാദിത്വം ചൈനയുടെതാണെന്ന് തെളിയിക്കുന്ന നിരവധി കണ്ടെത്തലുകളാണ് ദിനം പ്രതി പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. രോഗവ്യാപനം മൂടി വെക്കാൻ ചൈന ശ്രമിച്ചതും രോഗബാധ റിപ്പോർട്ട് ചെയ്ത ഡോക്ടർമാരെ ഭരണകൂടം രാഷ്ട്രീയമായി വേട്ടയാടിയതും ലോകവ്യാപകമായി ചർച്ചയാവുകയാണ്.
Discussion about this post