വയനാട്: മുംബൈയിൽ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയ തൃശ്ശൂർ സ്വദേശിനിയും ഭർത്താവും സഞ്ചരിച്ച ആംബുലൻസ് മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ തടഞ്ഞ് കേരള പൊലീസ്. ഗുരുവായൂർ സ്വദേശികളായ ഉസ്മാൻ ഷെയ്ഖിനും ഭാര്യക്കുമാണ് കേരള പൊലീസിന്റെ നടപടി നിമിത്തം കൊടും വനത്തിനുള്ളിൽ രാത്രി കഴിച്ചു കൂട്ടേണ്ടി വന്നത്.
രാജ്യവ്യാപകമായ ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് മുൻപ് മുംബൈയിൽ ശസ്ത്രക്രിയയ്ക്കായി എത്തിയതായിരുന്നു ഇവർ. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞതോടെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന് ഇവർ വരാനിരുന്ന ഫ്ലൈറ്റ് റദ്ദാക്കി. ഭക്ഷണവും വെള്ളവും പോലും കിട്ടാതെ ഹോട്ടലിൽ കുടുങ്ങിയതോടെയാണ് അവശനിലയിലായ ഭാര്യയേയും കൂട്ടി ഉസ്മാൻ ഷെയ്ഖ് ആംബുലൻസിൽ നാട്ടിലേക്ക് തിരിച്ചത്.
എന്നാൽ ചൊവ്വാഴ്ച ഗുണ്ടൽപ്പെട്ട അതിർത്തിയിലെത്തിയ ആംബുലൻസ് പോലീസ് തടയുകയായിരുന്നു. ദമ്പതികളുടെ അപേക്ഷ അവഗണിച്ച പൊലീസ്, വാഹനം കടത്തി വിടാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ ഇവർ രാത്രിയിൽ കൊടും വനത്തിൽ പെട്ടു പോകുകയായിരുന്നു. അതിർത്തിയിൽ വെച്ച് പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും കർണാടക പോലീസ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ നിന്നും ആംബുലൻസ് കടത്തിവിടാൻ തയ്യാറായിട്ടും കേരളാ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു എന്നും ദമ്പതികൾ പറയുന്നു.
കേണപേക്ഷിച്ചിട്ടും ഇവരെ കടത്തി വിടാൻ പൊലീസ് തയ്യാറാകാത്തതിനെ തുടർന്ന് സ്ഥിതി മോശമായ യുവതിയെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ വയനാട് ജില്ലാ പൊലീസ് മേധാവിയും ഇവരോട് സമീപത്തെ ഹോട്ടലിലേക്ക് മാറാൻ ആവശ്യപ്പെടുകയായിരുന്നു എന്ന് ഇവർ ആരോപിക്കുന്നു. കേരള പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറിയെങ്കിലും കർണ്ണാടക പൊലീസാണ് ഇവർക്ക് സഹായവും പിന്തുണയും നൽകിയത്.
കേരള പൊലീസിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്ക് ഇവർ ട്വിറ്ററിലൂടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.













Discussion about this post