ഡൽഹി: ലോകത്താകെ ഭീതി പടർത്തി കൊവിഡ് 19 പിടിമുറുക്കുമ്പോൾ എയർ ഇന്ത്യ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് പാകിസ്ഥാനും ഇറാനും. പാകിസ്ഥാന്റെ വ്യോമഗാതഗത നിയന്ത്രണ വിഭാഗമാണ് ഇന്തയുടെ ദൗത്യത്തെ നേരിട്ട് അഭിനന്ദിച്ചത്.
രോഗബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അകപ്പെട്ടു പോയ യൂറോപ്യൻ യാത്രക്കാരെയും വഹിച്ചു കൊണ്ട് ഫ്രാങ്കഫർട്ടിലേക്ക് പോയ എയർ ഇന്ത്യയുടെ പ്രത്യേക വിമാനമാണ് പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നത്. ഈ വിമാനത്തിൽ യാത്രക്കാരെക്കൂടാതെ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ കൊടുത്തയച്ചിരുന്നു. ലോകത്താകമാനം ഭീതിയുടെ പശ്ചാത്തലത്തിൽ വ്യോമഗതാഗതം സ്തംഭിച്ചിരിക്കവെ ഇന്ത്യ നടത്തിയ മനുഷ്യത്വപരമായ നീക്കത്തെ അഭിവാദ്യം ചെയ്യുന്നു എന്ന പാകിസ്ഥാൻ ഉദ്യോഗസ്ഥന്റെ വാക്കുകൾ കേട്ടപ്പോൾ ഒരു ഭാരതീയൻ എന്ന നിലയിൽ അഭിമാനം കൊണ്ട് ശിരസ്സ് ഉയർന്നു നിന്നുവെന്ന് പ്രത്യേക വിമാനത്തിന്റെ സീനിയർ ക്യാപ്റ്റൻ ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
‘ഞങ്ങൾ പാകിസ്ഥാന്റെ വ്യോമഗതാഗത നിയന്ത്രണ മേഖലയിൽ പ്രവേശിച്ചപ്പോൾ പാകിസ്ഥാനിയായ ഉദ്യോഗസ്ഥൻ ഇങ്ങനെ പറഞ്ഞു; ‘’അസ്സലാമു അലൈക്കും, ഫ്രാങ്കഫർട്ടിലേക്കുള്ള ഇന്ത്യൻ പ്രത്യേക വിമാനത്തിന് ആശംസകൾ.’‘ ഇത്രയും വലിയ പകർച്ചവ്യാധി പടരുന്ന സാഹചര്യത്തിലും ജീവകാരുണ്യ പ്രവർത്തനത്തിൽ ഏർപ്പെടുന്ന നിങ്ങൾക്ക് ദൈവനാമത്തിൽ ശുഭാശംസ നേരുന്നുവെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥൻ അറിയിച്ചുവെന്നും അതിന് നന്ദി പറഞ്ഞു കൊണ്ട് തങ്ങൾ യാത്ര തുടർന്നുവെന്നും എയർ ഇന്ത്യ ക്യാപ്റ്റൻ വ്യക്തമാക്കുന്നു.
കൂടാതെ ഇന്ത്യൻ വിമാനത്തിന് ഇറാൻ നേരിട്ട് ആയിരം മൈൽ റൂട്ട് ക്ലിയറൻസ് നൽകിയതും ഇന്ത്യക്കാരൻ എന്ന നിലയിൽ മറക്കാനാവത്ത അനുഭവമാണെന്ന് എയർ ഇന്ത്യ ക്യാപ്റ്റൻ വെളിപ്പെടുത്തുന്നു. മറ്റൊരു രാജ്യത്തിനും പ്രത്യേക സുരക്ഷാ മേഖലയിൽ ഇറാൻ നേരിട്ട് ഇത്രയും ദൂരം റൂട്ട് ക്ലിയറൻസ് നൽകില്ല. ഈ പ്രത്യേക പാത ഇറാൻ അവരുടെ പ്രതിരോധ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്നതാണ്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള പ്രത്യേക ദൗത്യ വിമാനമായതിനാൽ ഇറാൻ റൂട്ട് ക്ലിയറൻസ് നൽകുകയും ശുഭാശംസകൾ നേർന്ന് യാത്രയാക്കുകയും ആയിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറയുന്നു.
ഇന്ത്യയിൽ നിന്നും ഫ്രാങ്കഫർട്ടിലേക്ക് രണ്ട് പ്രത്യേക യാത്രാവിമാനങ്ങളാണ് എയർ ഇന്ത്യ അയച്ചത്. ദൗത്യം വിജയകരമായി പൂർത്തിയാക്കി യ സംഘാംഗങ്ങൾക്കെല്ലാം പതിനാല് ദിവസത്തെ നിർബ്ബന്ധിത ക്വാറന്റീൻ ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്.













Discussion about this post