ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളിലുള്ള ടീം സ്പിരിറ്റിനെ പ്രശംസിച്ച് മുന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്കര്‍. അതില്‍ മുന്നായകന് എം.എസ്.ധോണിയും നിലവിലെ നായകന് വിരാട് കോഹ്ലിയും വഹിക്കുന്ന പങ്ക് വലുതാണെന്നും ഗവാസ്കര്‍ പറഞ്ഞു. ഇരുവരുടെയും ലാളിത്യത്തെയും എളിമയെയും ഒരു ദേശീയ മാധ്യമത്തിലെഴുതിയ കോളത്തിലാണ് ഗവാസ്കര്‍ പ്രശംസിച്ചത്.
ടീം നായകനെന്ന നിലയില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാമെങ്കിലും ടിവി ക്രൂവിനൊപ്പം ഇക്കോണമി ക്ലാസിലാണ് ധോണിയുടെ വിമാന യാത്രയെന്ന് ഗവാസ്കര്‍ പറഞ്ഞു.
എല്ലാവര്ക്കും അറിയാവുന്നതുപോലെ, നാട്ടില്‍ നടക്കുന്ന പരമ്പരകളുടെ സമയത്ത് ഇരു ടീമുകളുടെയും താരങ്ങള്‍ ഒരു വേദിയില്‍നിന്ന് അടുത്ത വേദിയിലേക്ക് സ്പെഷല്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തിലാണ് യാത്ര ചെയ്യുക. ഇതേ വിമാനത്തില്‍ തന്നെയാകും മത്സരം സംപ്രേഷണം ചെയ്യുന്ന ചാനല്‍ ക്രൂവും യാത്ര ചെയ്യുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കൂടുതല്‍ മികവു പുലര്‍ത്തുന്ന താരങ്ങള്‍ക്ക് വിമാന യാത്രകളില്‍ ബിസിനസ് ക്ലാസ് അനുവദിക്കുന്ന പതിവുണ്ട്. വിമാനത്തില്‍ ബിസിനസ് ക്ലാസ് സീറ്റുകളുടെ എണ്ണം പരിമിതമായതിനാല്‍ ക്യാപ്റ്റന്മാരും പരിശീലകരും ടീം മാനേജര്‍മാരുമൊക്കെയാണ് അതില്‍ യാത്ര ചെയ്യുക. മറ്റു താരങ്ങള്‍ക്ക് ഇക്കോമണി ക്ലാസാണെങ്കിലും തൊട്ടു മുന്‍പുള്ള മത്സരത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങള്‍ക്കുകൂടി ബിസിനസ് ക്ലാസ് യാത്ര അനുവദിക്കുന്നതാണ് ടീമിലെ പതിവെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
“എന്നാല്‍ എം.എസ്.ധോണി ടീമിന്റെ നായകനായിരുന്ന കാലത്തും തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന കാലത്തും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പകരം ടെലിവിഷന്‍ ജീവനക്കാര്‍ക്കൊപ്പം ഇക്കോമണി ക്ലാസില്‍ പോയിരിക്കും. ക്യാമറാമാന്മാരും സൗണ്ട് എന്‍ജിനീയര്‍മാരുമൊക്കെയാണ് അവിടെ ധോണിയുടെ സഹയാത്രികര്‍” ഗാവസ്കര്‍ എഴുതി. ഇത് നിലവിലെ നായകന് വിരാട് കോഹ്ലിയും പിന്തുടരാറുണ്ട്. പലപ്പോഴും ഇക്കോണമി ക്ലാസിലാണ് താരവും യാത്ര ചെയ്യാറെന്നും കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് തന്റെ സീറ്റ് അദ്ദേഹം വിട്ടു നല്‍കാറുണ്ടെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
നേരത്തെ മുന്‍ ഇംഗ്ലീഷ് താരം മൈക്കിള്‍ വോണും ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
Discussion about this post