മുംബൈ: രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 5000 കടന്നതായി സ്ഥിരീകരണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മുംബൈയിൽ സമൂഹവ്യാപനം തുടങ്ങിയതായി ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ സ്ഥിരീകരിച്ചു. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴക്കാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് മുംബൈയിൽ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം വന്നത്.
ബുധനാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 1018 കൊവിഡ് രോഗികളാണ് മഹാരാഷ്ട്രയിൽ മാത്രമുള്ളത്. ഇതിൽ 642 രോഗികളും മുംബൈ നഗരത്തിൽ നിന്നാണ്. പൂണെയിൽ 159 രോഗികളും താനെയിൽ 87 രോഗികളുമാണുള്ളത്. മുംബൈ കോർപ്പറേഷനിലെ ഒരു വാർഡിൽ തന്നെ 75 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യമുണ്ട്. വോർളി, ലോവർ പരേൽ, പ്രഭാദേവി എന്നിവിടങ്ങളിലാണ് വ്യപകമായി കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ ചേരികളിൽ രോഗം അതിവേഗം വ്യാപിക്കുന്നതായാണ് റിപ്പോർട്ട്.
അതേസമയം ധാരാവിയിൽ രണ്ട് പേർക്ക് കൂടി ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം ഒൻപതായി. നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരിൽ നിന്നാണ് ഇവിടെ രോഗവ്യാപനം ഉണ്ടായതെന്ന് മുംബൈ പൊലീസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ കൊവിഡ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പൊതുഗതാഗതം മേയ് പതിനഞ്ച് വരെ നിറുത്തിവയ്ക്കുന്നതാണ് ഉചിതമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകി. പൊതുസ്ഥലങ്ങൾ മൂന്നാഴ്ച കൂടി അടച്ചിടണം എന്നും ശുപാർശയിൽ പറയുന്നു.
Discussion about this post