ന്യൂയോർക്ക്: കൊവിഡ് 19 രോഗബാധ ആഗോള ഭീഷണിയായി പടരുമ്പോൾ രോഗത്തിന് കാരണമായ വൈറസിനെ ഭീകരർ ജൈവായുധമായി ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ലോകമെമ്പാടും ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമായി ഭീകരർ ഇതിനെ കാണാൻ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വൈറസ് ബാധിച്ചയാളുകളിൽ നിന്നുള്ള സ്രവങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരര്‍ ലോകമെമ്പാടും വലിയ രോഗപ്പകര്‍ച്ചയ്ക്ക് ഇടവരുത്തുമെന്നാണ് ആശങ്കയെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്‍ രക്ഷാസമിതി അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കൂടിക്കാഴ്ച നടത്തുമ്പോഴാണ് അന്റോണിയോ ഗുട്ടെറസ് തന്റെ ആശങ്ക പങ്കു വെച്ചത്. കോവിഡിനെതിരായ പ്രതിരോധ ശ്രമങ്ങൾ ഈ കാലഘട്ടത്തിന്റെ പോരാട്ടമാണെന്നും ഐക്യരാഷ്ട്രസഭയുടെ നിലനില്‍പ്പിന്റെ തന്നെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും യോഗത്തെ അഭിസംബോധന ചെയ്യവെ ഗുട്ടറസ് പറഞ്ഞു.
കൊവിഡ് ബാധ കേവലമൊരു ആരോഗ്യ പ്രതിസന്ധി മാത്രമല്ലെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ ദൂരവ്യാപകമായിരിക്കുമെന്നും ഗുട്ടറസ് സൂചിപ്പിച്ചു. ലോക സമാധാനത്തെയും സുരക്ഷയെയും ഇത് വെല്ലുവിളിക്കുകയാണ്. ഈ സാഹചര്യത്തിൽ സാമൂഹിക സമത്വവും അക്രമരാഹിത്യവും അനിവാര്യമാണ്. എന്നാൽ അസമത്വങ്ങളും അക്രമങ്ങളും തുടർന്നാൽ ജൈവ ഭീകരാക്രമണത്തിനുള്ള സാധ്യത യാഥാർത്ഥ്യത്തിലേക്ക് മാറാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഭീകരവാദ ഭീഷണി ഇക്കാലത്തും സജീവമായി നിലനിൽക്കുകയാണെന്നും ലോകരാജ്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ അവസരം ഭീകരസംഘടനകൾ മുതലെടുക്കാൻ സാദ്ധ്യതയുണ്ടെന്നും അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നൽകുന്നു.
Discussion about this post