ന്യൂയോർക്ക്: കൊറോണ വ്യാപനം ആഗോള ഭീഷണിയായി പടരുന്നതിനിടെ ഐക്യരാഷ്ട്ര സഭയിൽ കശ്മീർ വിഷയം ഉയർത്തി ചൈന. യുഎൻ രക്ഷാസമിതി യോഗത്തിൽ കശ്മീർ വിഷയത്തിന് മുഖ്യ സ്ഥാനം നൽകണമെന്നും തങ്ങൾ സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും ചൈന വ്യക്തമാക്കി. എന്നാൽ ചൈനയുടെ അഭിപ്രായത്തിന് ചുട്ട മറുപടിയുമായി ഇന്ത്യ രംഗത്തെത്തി.
ചൈനയുടെ വാദഗതികൾ പൂർണ്ണമായും തള്ളിക്കളയുകയാണെന്നും കശ്മീർ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നുവെന്നും അത് ഇപ്പോഴും എപ്പോഴും അങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവസ്തവ വ്യക്തമാക്കി. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് ചൈനക്ക് ഉത്തമ ബോദ്ധ്യമുള്ളതാണെന്നും കശ്മീരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർണ്ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഒരു രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും ബഹുമാനിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും ഇന്ത്യയുടെ കാര്യത്തിൽ ചൈന അത് മാനിക്കുമെന്നാണ് താൻ കരുതുന്നതെന്നും അനുരാഗ് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ച ഇന്തയുടെ നടപടിയെ പാകിസ്ഥാനൊപ്പം ചേർന്ന് നിശിതമായി വിമർശിക്കുന്ന നയമാണ് തുടക്കം മുതലേ ചൈന പിന്തുടർന്ന് പോന്നിരുന്നത്. വിഷയം ഐക്യരാഷ്ട്ര രക്ഷാ സമിതിയിൽ ഉന്നയിക്കാൻ കഴിഞ്ഞ തവണയും ചൈന ശ്രമിച്ചിരുന്നുവെങ്കിലും അംഗരാജ്യങ്ങൾ ഇന്ത്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ ചൈനയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.
Discussion about this post