ചണ്ഡീഗഡ്: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ച 27 രോഗികളുടെ യാത്രാ വിവരങ്ങൾ അജ്ഞാതമായി തുടരുന്ന സാഹചര്യത്തിൽ പഞ്ചാബ് സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുന്നതായി സൂചന നൽകി മുഖ്യമന്ത്രി അമരീന്ദർ സിംഗ്.
സംസ്ഥാനത്ത് നിലവിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 132 ആയെന്നും മരണസംഖ്യ 11 ആയി തുടരുകയാണെന്നും അമരീന്ദർ സിംഗ് വിശദീകരിച്ചു. 28 ദശലക്ഷം ജനസംഖ്യയുള്ള സംസ്ഥാനത്ത് ഇതുവരെ പരിശോധനയ്ക്കായി 2877 സാമ്പിളുകൾ മാത്രമേ ശേഖരിച്ചിട്ടുള്ളൂവെന്നും ഇത് അപര്യാപ്തമാണെന്നും അദ്ദേഹം സമ്മതിച്ചു. ജൂലൈ- ആഗസ്റ്റ് മാസം വരെ രാജ്യം കൊവിഡ് ഭീഷണിയുടെ നിഴലിലായിരിക്കുമെന്നും ഇന്ത്യൻ ജനസംഖ്യയുടെ 58 ശതമാനവും രോഗബാധിതരാകുമെന്നാണ് ശാസ്ത്രജ്ഞർ പ്രവചിക്കുന്നതെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
പഞ്ചാബിലെ 87 ശതമാനം ആളുകളും രോഗബാധാ ഭീഷണിയിലാണെന്നും ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ നീക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ സാഹചര്യം ഗുരുതരമാണെന്നും ഇത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യർത്ഥിച്ചതായും 1.3 ദശലക്ഷം ജനങ്ങളുടെ ജീവിതവും ഭക്ഷണവുമടക്കമുള്ളവ ഏറ്റെടുക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post