ഡൽഹി: കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലഹരി ഉത്പന്നങ്ങളുടെ ഉപഭോഗത്തിന് സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. മദ്യത്തിന് പുറമെ പുകയില ഉത്പന്നങ്ങൾക്കും പാൻ മസാലക്കും കർശന നിരോധനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.
ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതും പൊതു ഇടങ്ങളിൽ തുപ്പുന്നതും നിരോധിച്ചതായും ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെടേണ്ടത് ജില്ലാ മജിസ്ട്രേട്ടുമാരുടെ ചുമതലയാണെന്നും കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുന്നു. ഇവ ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുത്ത് ശിക്ഷകളും പിഴയും ഉറപ്പ് വരുത്തണമെന്നും കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്നു.
മാർച്ച് 25ന് രാജ്യവ്യാപകമായി ലോക്ക് ഡൗൺ നിലവിൽ വന്നതോടെ മദ്യശാലകളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. മദ്യം ലഭിക്കാതെ വന്നതിനെ തുടർന്ന് കേരളത്തിൽ ചിലർ ആത്മഹത്യ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ കുറിപ്പിൽ മദ്യം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടർന്ന് തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
മദ്യ നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ രാജ്യത്ത് ചിലയിടങ്ങളിൽ വ്യാജമദ്യ വിൽപ്പന വ്യാപകമായിരുന്നു. ഉത്തർ പ്രദേശിൽ നിയമവിരുദ്ധമായി രഹസ്യ മദ്യവില്പന നടത്തിയ മദ്യശാലകളുടെ പ്രവർത്തനാനുമതി സർക്കാർ റദ്ദാക്കിയിരുന്നു.
Discussion about this post