കോഴിക്കോട്: പാലക്കാട് ലോക്സഭാ തിരഞ്ഞെടുപ്പു തോല്‍വിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്കിയ വാക്കു പാലിച്ചില്ലെന്ന് ജെഡിയു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്ര കുമാര്‍. തിരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നിയോഗിച്ച സമിതി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടിയെന്ന ഉറപ്പ് ഇതുവരെ പാലിച്ചില്ല. റിപ്പോര്‍ട്ട് ഇതുവരെ കെപിസിസി പ്രസിഡന്റിന് കിട്ടിയിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് അറിയണം. അടുത്ത യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം അജണ്ടയായി ഉള്‍പ്പെടുത്തണം. ഇക്കാര്യത്തില്‍ നീതിപൂര്‍വകമായ നടപടി വേണമെന്നും ആര്‍എസ്പിക്ക് കിട്ടിയതുപോലെയുള്ള പരിഗണന ജെഡിയുവിനും കിട്ടണമെന്നും വീരേന്ദ്ര കുമാര്‍ ആവശ്യപ്പെട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് എം.പി. വീരേന്ദ്രകുമാര്‍ പരാജയപ്പെട്ടിരുന്നു. തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ ആര്. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഉപസമിതിയെ നിയോഗിച്ചെങ്കിലും ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ടതോടെ ഉപസമിതിയുടെ നേതൃത്വം യുഡിഎഫ് കണ്‍വീനര്‍ കൂടിയായ പി.പി. തങ്കച്ചന് ഏറ്റെടുത്തു. റിപ്പോര്‍ട്ടിന്റെ കരട് ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ നേരത്തേ തയാറാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഈ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നായിരുന്നു പി.പി.തങ്കച്ചന് പറഞ്ഞത്.
Discussion about this post