ബംഗലൂരു: ആരോഗ്യ പ്രവർത്തകർക്കെതിരെ ആൾക്കൂട്ട ആക്രമണം നടത്തിയതിന് ബംഗലൂരുവിൽ സ്ത്രീ ഉൾപ്പെടെ 59 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ ബാധ സംശയിക്കുന്ന ആളുകളെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും അടങ്ങിയ സംഘമാണ് ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപെട്ട് ഫിറോസ എന്ന് സ്ത്രീയും അറസ്റ്റിലായതായും 5 എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പ്രദേശമാണ് പദരായണപുര. കൊവിഡ് ബാധിതനായ രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട 15 പേർക്ക് ഇവിടെ രോഗം ബാധിച്ചിരുന്നു. ക്വാറന്റീൻ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കിംവദന്തികൾ പ്രചരിപ്പിക്കപ്പെട്ടതിനെ തുടർന്ന് അക്രമാസക്തരായ ആൾക്കൂട്ടം ആക്രമണം അഴിച്ചു വിടുകയായിരുന്നു.
ആരോഗ്യ പ്രവർത്തകർക്കെതിരെ മുദ്രാവാക്യം മുഴക്കി പാഞ്ഞടുത്ത അക്രമികൾ തദ്ദേശ ഭരണകൂടത്തിന്റെ ഓഫീസ് നശിപ്പിച്ചു. ചിലർ ക്വാറന്റീൻ കേന്ദ്രങ്ങൾ ആക്രമിക്കാൻ ശ്രമിച്ചുവെങ്കിലും പൊലീസ് ഇടപെട്ട് തടയുകയായിരുന്നു.
അതേസമയം കർണ്ണാടകയിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 384 ആയി. 14 പേർ മരണപ്പെട്ടു.
Discussion about this post