ഡൽഹി: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ ആക്രമണങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്മേൽ പ്രതിഷേധ പരിപാടികൾ പിൻവലിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആഗോള പ്രതിസന്ധിയായി കൊവിഡ് വ്യാപനം തുടരുമ്പോൾ കേന്ദ്രസർക്കാരിനെയും ആഭ്യന്തര മന്ത്രിയെയും വിശ്വാസത്തിലെടുക്കുന്നതായും ഏപ്രിൽ 22ന് നടത്താൻ തീരുമാനിച്ചിരുന്ന ‘വൈറ്റ് അലേർട്ട്‘ പ്രതിഷേധവും 23 ലെ കരിദിനാചരണവും പിൻവലിക്കുകയാണെന്നും ഐ എം എ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ആഭ്യന്തര മന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും മറ്റെല്ലാ മന്ത്രാലയങ്ങളും ഡോക്ടർമാരുടെ പ്രവർത്തനങ്ങളെ അംഗീകരിച്ചു. ആരോഗ്യ പ്രവർത്തകരുടെയും ഡോക്ടർമാരുടെയും സുരക്ഷ ഉറപ്പ് വരുത്താൻ കേന്ദ്ര നിയമം കൊണ്ടു വരുന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ വിശ്വാസത്തിലെടുക്കുകയാണെന്നും കേന്ദ്ര സർക്കാരിനോടൊപ്പം ഉറച്ചു നിന്ന് രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും വേണ്ടി പ്രവർത്തിക്കുമെന്നും ഐ എം എ വ്യക്തമാക്കി.
ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും ആക്രമിക്കുന്നവർക്കെതിരെ നടപടി കർശനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ ഡോക്ടർമാർക്ക് ഉറപ്പ് നൽകിയിരുന്നു. വിഷയത്തിൽ ഡോക്ടർമാർ പ്രഖ്യാപിച്ചിരിക്കുന്ന സൂചനാ പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാരെ അഭിനന്ദിക്കുന്നതായും അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഐ എം എ ഡോക്ടർമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം.
കൂടാതെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരായ ആക്രമണങ്ങൾ, ലോക്ക് ഡൗൺ ലംഘനങ്ങൾ, സാമൂഹിക അകലപാലനത്തിലെ അപാകം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ആറ് സംഘങ്ങളെയും കേന്ദ്രസർക്കാർ നേരത്തെ നിയോഗിച്ചിരുന്നു.
Discussion about this post