സുപ്രസിദ്ധ ചലച്ചിത്ര- ടി വി താരം രവി വള്ളത്തോൾ അന്തരിച്ചു. 67 വയസ്സായിരുന്നു. തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഏറെക്കാലമായി ചികിത്സയിൽ ആയിരുന്നു.
ദൂരദർശനിലെ ആദ്യകാല സീരിയലുകളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന രവി വള്ളത്തോൾ, മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ മരുമകനാണ്.
1987 ൽ പുറത്തിറങ്ങിയ സ്വാതി തിരുനാൾ ആയിരുന്നു രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ,കോട്ടയം കഞ്ഞച്ചൻ,ഗോഡ്ഫാദർ,വിഷ്ണുലോകം,സർഗം,കമ്മീഷണർ, നീ വരുവോളം തുടങ്ങി അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി “താഴ്വരയിൽ മഞ്ഞുപെയ്തു” എന്ന ഗാനം എഴുതിക്കൊണ്ടാണ് രവി വള്ളത്തോൾ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റേതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി” എന്ന സീരിയലിലൂടെയാണ് അദ്ദേഹം ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയങ്കരനാകുന്നത്.
എഴുത്തുകാരൻ കൂടിയായ രവി വള്ളത്തോൾ ഇരുപത്തി അഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ചിട്ടുണ്ട്. രവി വള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി “തണൽ” എന്ന പേരിൽ ഒരു ജീവകാരുണ്യ സംരംഭം നടത്തുന്നുണ്ട്.
നാടകാചാര്യൻ ടി എൻ ഗോപിനാഥൻ നായരുടെയും സൗദാമിനിയുടെയും മകനാണ്. ഗീതാലക്ഷ്മിയാണ് ഭാര്യ.













Discussion about this post