ഇന്ത്യൻ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‌വാൾ പ്രൊഫഷണൽ ബാഡ്മിന്റണിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നീണ്ട കാലമായി അലട്ടുന്ന മുട്ടുസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കായികരംഗത്തെ കഠിനമായ ശാരീരിക വെല്ലുവിളികൾ ഇനി ഏറ്റെടുക്കാൻ കഴിയില്ലെന്ന് താരം വ്യക്തമാക്കി. 2012 ലണ്ടൻ ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവായ സൈന ഒരു പോഡ്‌കാസ്റ്റിലൂടെയാണ് തന്റെ തീരുമാനം ആരാധകരെ അറിയിച്ചത്.
കഴിഞ്ഞ രണ്ട് വർഷമായി സൈന മത്സരരംഗത്ത് നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2023-ലെ സിംഗപ്പൂർ ഓപ്പണിലാണ് താരം അവസാനമായി അന്താരാഷ്ട്ര തലത്തിൽ കളിച്ചത്. മുട്ടിലെ തരുണാസ്ഥി പൂർണ്ണമായും നശിച്ചതായും കടുത്ത ആർത്രൈറ്റിസ് തന്നെ അലട്ടുന്നതായും സൈന വെളിപ്പെടുത്തി.
“രണ്ട് വർഷം മുമ്പ് തന്നെ ഞാൻ കളി നിർത്തിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം കളി തുടങ്ങി, സ്വന്തം ഇഷ്ടപ്രകാരം തന്നെ അത് അവസാനിപ്പിക്കുന്നു. അതിനാൽ ഒരു വലിയ പ്രഖ്യാപനത്തിന്റെ ആവശ്യമില്ലെന്ന് എനിക്ക് തോന്നി. സാവധാനം ഞാൻ കളിക്കുന്നില്ലെന്ന് ആളുകൾ മനസ്സിലാക്കിക്കോളും.”
“ലോകത്തിലെ ഏറ്റവും മികച്ച താരമാകാൻ ദിവസം എട്ട് മുതൽ ഒൻപത് മണിക്കൂർ വരെ പരിശീലനം ആവശ്യമാണ്. എന്നാൽ ഇപ്പോൾ ഒന്നോ രണ്ടോ മണിക്കൂർ കഴിയുമ്പോൾ തന്നെ എന്റെ മുട്ട് വീങ്ങാൻ തുടങ്ങുന്നു. മുട്ടിലെ വേദന താങ്ങാവുന്നതിനും അപ്പുറമാണ്. അതുകൊണ്ട് തന്നെ കളി നിർത്താൻ ഞാൻ തീരുമാനിച്ചു.”
2016 റിയോ ഒളിമ്പിക്സിനിടെയേറ്റ കടുത്ത പരിക്കാണ് സൈനയുടെ കരിയറിൽ വില്ലനായത്. എന്നാൽ അവിശ്വസനീയമായ പോരാട്ടവീര്യത്തിലൂടെ തിരിച്ചുവന്ന താരം 2017-ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും 2018-ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണവും നേടി ഇന്ത്യയുടെ അഭിമാനമായി മാറി. മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായ സൈന, ഇന്ത്യൻ ബാഡ്മിന്റണെ ലോകനിലവാരത്തിലേക്ക് ഉയർത്തിയവരിൽ പ്രധാനിയാണ്.












Discussion about this post