തിരുവനന്തപുരം: പ്രവാസികളെ കൂട്ടത്തോടെ നാട്ടിലേക്ക് മടക്കി കൊണ്ടു വരാൻ ഈ ഘട്ടത്തിൽ സാധിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. യാത്രാനിയന്ത്രണങ്ങൾ കഴിഞ്ഞാൽ കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തുമുള്ള എല്ലാവരും കൂടി നാട്ടിലേക്ക് മടങ്ങി വരണം എന്നല്ല കേന്ദ്രമോ സംസ്ഥാന സർക്കാരോ പറഞ്ഞിട്ടുള്ളത്. വിസാ കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ, ക്യാംപുകളിലും മറ്റും താമസസൗകര്യം ഇല്ലാത്തവർ, ചികിത്സ തേടി വരാനുള്ളവർ എന്നിവർക്കെല്ലാമാണ് മുൻഗണന നൽകുന്നത്. ഇതിൽ തന്നെ കൊവിഡ് പരിശോധന നടത്തി മാത്രമേ ആളുകളെ തിരികെ കൊണ്ടു വരൂ. മന്ത്രി പറഞ്ഞു.
ഈ ഒരു ഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങി വരാൻ എല്ലാവർക്കും താത്പര്യമുണ്ടാകും. എന്നാൽ അതു പ്രായോഗികമായ കാര്യമല്ല. ഇക്കാര്യത്തിൽ കൃത്യമായ മാനദണ്ഡങ്ങളും കർശനമായ നിരീക്ഷണവും ഉണ്ടാവും. എട്ടായിരം മുതൽ 15000 വരെ പ്രവാസികൾ വിവിധ ജില്ലകളിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ രോഗവ്യാപനം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയോ സമൂഹവ്യാപനമുണ്ടായതായോ സംശയിക്കുന്നില്ല. ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിക്കുന്നത് വിഷമമുണ്ടാകുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.
Discussion about this post