ദുബായ്: ഇന്ത്യയും യു.എ.ഇ.യും ചേര്‍ന്ന് 7,500 കോടി ഡോളറിന്റെ (4.8 ലക്ഷം കോടി രൂപയോളം) അടിസ്ഥാനസൗകര്യവികസന നിധി രൂപവത്കരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. പര്യടനവേളയില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് ഒപ്പിട്ട കരാറുകളില്‍ ഏറ്റവും പ്രധാനമാണിത്. ഇരുരാജ്യങ്ങളുടെയും അടിസ്ഥാന സൗകര്യവികസനത്തിനായിരിക്കും ഈ നിധി വിനിയോഗിക്കുക. ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് സംബന്ധിച്ച ധാരണാപത്രത്തിന് തിങ്കളാഴ്ച അബുദാബിയില്‍ രൂപം നല്കി.
ഇരുരാജ്യങ്ങളിലും നിക്ഷേപം വളര്‍ത്താന്‍ ഈ ഫണ്ട് വിനിയോഗിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഡോ. എസ്. ജയശങ്കര്‍ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. യു.എ.ഇ. അംബാസഡര്‍ ടി.പി. സീതാറാമും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
ഊര്‍ജം, പ്രതിരോധം, സുരക്ഷ എന്നീ മേഖലകളിലും ഇന്ത്യയും യു.എ.ഇ.യും ചേര്‍ന്ന് കൂടുതല്‍ യോജിച്ച പ്രവര്‍ത്തനം നടത്തും.
പശ്ചിമേഷ്യയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും തീവ്രവാദവും ഭീകരവാദവും വളര്‍ന്നുവരുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ക്കും ഇരുരാജ്യങ്ങളും ചേര്‍ന്ന് രൂപം നല്കി. ഭീകരവാദം, മതത്തിന്റെ ദുരുപയോഗം എന്നിവ ഇരുരാജ്യങ്ങളും കര്‍ശനമായി നേരിടും. ഇത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്കും ഇത്തരം നീക്കങ്ങള്‍ക്ക് സാമ്പത്തികസഹായം നല്കുന്നവരെയും കണ്ടെത്തി ഉന്മൂലനം ചെയ്യും. ഇത്തരത്തിലുള്ള സാമ്പത്തികസഹായങ്ങള്‍ തടയാനും കര്‍ശന നടപടിയുണ്ടാകും. ഇന്ത്യയും യു.എ.ഇ.യും ചേര്‍ന്നുള്ള സൈനികനീക്കങ്ങളും സൗഹൃദ സൈനിക പ്രകടനങ്ങളും കൂടുതല്‍ ശക്തമാക്കും.
ഇന്ത്യയിലെ പെട്രോളിയം ശേഖരം വര്‍ധിപ്പിക്കാനുള്ള നടപടിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടയില്‍ ധാരണയായി. ഇന്ത്യയിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും ക്രിയാത്മകമായി ക്രമീകരിക്കും.
Discussion about this post