കോഴിക്കോട് : അലൻ ശുഹൈബിനും താഹ ഫസലിനും നീതി ലഭിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടു.വിദ്യാർത്ഥികളായ അലനും താഹയ്ക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി യു.എ.പി.എ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് എൻ. ഐ. എ കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാനുള്ള അപേക്ഷ നൽകാൻ കേരള സർക്കാരിന് വേണ്ടി ആഭ്യന്തര വകുപ്പ് തയ്യാറാവണമെന്ന് സമിതി ആവശ്യപ്പെട്ടത്.
2019 നവംബർ ഒന്നിനാണ് രണ്ട് യുവാക്കളും അറസ്റ്റിലാവുന്നത്. എന്നാൽ ഈ കേസ് കോടതിക്ക് മുന്നിൽ വിചാരണക്കെത്തിയത് ആറ് മാസത്തിന് ശേഷമാണ്.ഇത്രയുമധികം സമയം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടും കൃത്യമായ തെളിവ് ഹാജരാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഇവർക്കെതിരെ യു.എ.പി.എ ചുമത്താനുള്ള പോലീസിനെ തീരുമാനം തെറ്റാണെന്നും കൃത്യമായ അധികാര ദുർവിനിയോഗമാണ് കേസിന്റെ തുടക്കം മുതൽ നടക്കുന്നതെന്നും മനുഷ്യാവകാശ സമിതി ചൂണ്ടിക്കാട്ടി.ഇത്തരം കേസുകളിലെ അനുഭവങ്ങൾ സൂചിപ്പിക്കുന്നതുപോലെ വിചാരണവേളയിൽ ജാമ്യം ലഭിച്ചില്ലെങ്കിൽ വർഷങ്ങളോളം അവർ ജയിലിൽ കഴിയേണ്ടി വരും.ഗുരുതരമായ ഒരു കുറ്റവും അവരുടെ കാര്യത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായെന്നു പറഞ്ഞ് മുഖ്യമന്ത്രി നേരത്തെ കേന്ദ്ര സർക്കാരിന് കത്തയച്ചിരുന്നു.അതിനാൽ ഇവർക്ക് നീതി ലഭിക്കാൻ ജാമ്യത്തിനു വേണ്ടി സർക്കാർ മുന്നിട്ടിറങ്ങണമെന്ന് മനുഷ്യാവകാശ സമിതിയുടെ പ്രസിഡണ്ട് ആയ ബി ആർ പി ഭാസ്കറും കൺവീനറായ ഡോ.ആസാദും അഭ്യർത്ഥിച്ചു.
Discussion about this post