തിരുവനന്തപുരം: സാമൂഹിക അകലമോ സുരക്ഷാനടപടികളോ പാലിക്കാതെ എൺപതിലധികം പേരെ പങ്കെടുപ്പിച്ച് ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയതിന് ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിനെതിരെ ലോക്ഡൗണ്‍ ലംഘനത്തിന് പൊലീസ് കേസെടുത്തു. ലോയേഴ്സ് കോണ്‍ഗ്രസിന്റെ ഭക്ഷ്യകിറ്റ് വിതരണ പരിപാടിയാണ് വിവാദമായത്.
ഇന്ന് രാവിലെ നെടുമങ്ങാട് കോടതിക്ക് മുന്നിലാണ് ലോയേഴ്സ് കോണ്‍ഗ്രസ് ഭക്ഷ്യകിറ്റ് വിതരണം സംഘടിപ്പിച്ചത്. അടൂര്‍ പ്രകാശ് എംപി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സംഘാടകരെ കൂടാതെ എണ്‍പതിലേറെപ്പേര്‍ പങ്കെടുത്തു. സാമൂഹിക അകലമോ സുരക്ഷാനടപടികളോ പാലിച്ചില്ലെന്ന് ആരോപിച്ച് എംപിയ്ക്കും കണ്ടാലറിയാവുന്ന പത്തിലേറെപ്പേര്‍ക്കുമെതിരെ നെടുമങ്ങാട് പൊലീസ് കേസെടുക്കുകയായിരുന്നു.
എന്നാൽ പൊലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. സമാനരീതിയില്‍ പരിപാടി സംഘടിപ്പിച്ചിട്ടും മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുത്തില്ലെന്ന് കോൺഗ്രസ്സ് ചൂണ്ടിക്കാട്ടി. പോത്തന്‍കോട് സ്കൂളില്‍ വിദ്യാര്‍ഥികളില്‍ നിന്ന് ദുരിതാശ്വാസഫണ്ട് സ്വീകരിച്ച പരിപാടിയില്‍ ലോക്ഡൗണ്‍ ലംഘനം നടന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. കടകംപള്ളിക്കെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ഉപവാസവും മാർച്ചും സംഘടിപ്പിച്ചിരുന്നു.











