ന്യൂഡൽഹി:കൊറോണയുടെ വ്യാപനം തടയുന്നതിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ വിജയകരമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ.ഇന്ത്യ സാവധാനം പഴയനിലയിലാവുകയാണ്.രാജ്യമിപ്പോൾ മൂന്നാം ഘട്ട ലോക്ക്ഡൗൺ നേരിട്ടുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിലും മെയ് 4 മുതൽ ഇന്ത്യയുടെ പകുതിഭാഗം പൂർവ്വ സ്ഥിതിയിലെത്തുമെന്ന് ജാവദേക്കർ അറിയിച്ചു.രോഗത്തെ പൂർണമായി ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ഒരു പരിധി വരെ രോഗം നിയന്ത്രിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്.വാക്സിൻ കണ്ട് പിടിക്കാത്ത ഈ സാഹചര്യത്തിൽ കൊറോണയെ അകറ്റി നിർത്താൻ സാമൂഹ്യ അകലം പാലിക്കുന്നത് ജീവിതചര്യയുടെ ഭാഗമാക്കി മാറ്റണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രോഗവ്യാപനത്തിന്റെ നിരക്കനുസരിച്ച് സംസ്ഥാനങ്ങളെ സോണുകളാക്കി തിരിച്ചത് വളരെ നല്ല നടപടിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
കോവിഡിനെ തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പുരോഗമിക്കവെ പ്രതിപക്ഷം ഒരു രീതിയിലും സഹകരിച്ചിട്ടില്ലായെന്നും മന്ത്രി വ്യക്തമാക്കി.പകരം സർക്കാരിനെതിരെ എങ്ങിനെയൊക്കെ കുറ്റങ്ങളാരോപിക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്തതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ കൂട്ടിച്ചേർത്തു
Discussion about this post