വാഷിങ്ടണ്‍: കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചെന്ന് യുഎസ് ശാസ്ത്രജ്ഞര്‍. കൊറോണ വൈറസിന്റെ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ ശാസ്തജ്ഞര്‍ കണ്ടെത്തുകയായിരുന്നു. ഈ വിഭാഗം ആദ്യത്തെ കൊറോണ പടര്‍ത്തിയ വൈറസിനേക്കാള്‍ കൂടുതല്‍ സാംക്രമികമാണ്. ഒരു തവണ കൊറോണ ബാധിച്ച് ഭേദമായവരെ വീണ്ടും ആക്രമിക്കുന്ന തരത്തിലുള്ളതാണ് ജനിതക മാറ്റം സംഭവിച്ച ഈ വൈറസ്. യുഎസ് ആസ്ഥാനമായുള്ള ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയുടെ നേതൃത്വത്തിലുള്ള യുഎസ് ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
‘ജനിത വ്യതിയാനം സംഭവിച്ച കൊറോണയുടെ പുതിയ വര്‍ഗ്ഗത്തെ ഫെബ്രുവരിയില്‍ യൂറോപ്പിലാണ് ആദ്യമായി കണ്ടെത്തുന്നത്. പിന്നീട് അമേരിക്കയുടെ കിഴക്കന്‍ തീരത്തും കണ്ടെത്തി. പിന്നീട് മാര്‍ച്ച് മധ്യത്തോടെ ലോകത്തിലെ ഏറ്റവും പ്രബലമായ കൊറോണ വൈറസ് ശ്രേണിയായി തീരുകയായിരുന്നു’, എന്നാണ് ലോകത്തിന്റെ വിശകലനത്തിനും അംഗീകാരത്തിനുമായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
മനുഷ്യന്റെ ശ്വാസകോശങ്ങളിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്ന കൊറോണ വൈറസിന്റെ പുറംഭാഗത്തുള്ള മുള്ളുപോലുള്ള ഭാഗത്തെയാണ് ജനിതക വ്യതിയാനം ബാധിക്കുന്നത്. ഇത്തരത്തില്‍ ജനിതകവ്യതിയാനം സംഭവിച്ച കൊറോണയുടെ മാരകമായ ഈ ശ്രേണിയെ കുറിച്ച് നേരത്തെ തന്നെ വാക്സിന് നിര്‍മ്മാതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് അടിയന്തിര പ്രാധാന്യമുള്ളതാണെന്ന് തോന്നിയതായി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
33 പേജുള്ള റിപ്പോര്‍ട്ടായി പുതിയ കണ്ടെത്തല്‍ പ്രിപ്രിന്റ് പോര്‍ട്ടലായ ബയോആര്‍ക്സ്വില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള 6,000ത്തിലധികം കൊറോണ വൈറസ് സീക്വന്‍സുകളുടെ ഒരു കമ്പ്യൂട്ടേഷണല്‍ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.
അതേസമയം ശാസ്ത്രജ്ഞര്‍ ഇതുവരെ ജനിതക വ്യതിയാനം സംഭവിച്ച 14 കൊറോണ വര്‍ഗ്ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post