ജനീവ: കൊറോണ വ്യാപനം തടയുന്നതിനായി ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിവരുന്നതിനിടെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വ്യാപനത്തില്‍ ഇനിയും അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അല്ലെങ്കില്‍ കേസുകള്‍ കുതിച്ചുയരുമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നല്കി.
രോഗം വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിംഗ് സംവിധാനങ്ങളും ക്വാറന്റൈന് വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസിസ് പറഞ്ഞു.
ലോക്ക്ഡൗണില്‍ നിന്നുള്ള മാറ്റം രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ത്യ, ജര്‍മനി, സ്പെയിന്, ഇറ്റലി തുടങ്ങി വിവിധ രാജ്യങ്ങള്‍ നീക്കിതുടങ്ങിയിട്ടുണ്ട്. രാജ്യം വീണ്ടും തുറക്കാനുള്ള സന്നദ്ധത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
Discussion about this post