കോവിഡ് -19 നെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത് തടയാൻ ചൈന സമ്മർദ്ദം ചെലുത്തിയെന്ന് ദേശീയ ചാരസംഘടനയായ സിഐഎ റിപ്പോർട്ടുകൾ.സ്പെയിനും ഇറ്റലിയും പോലുള്ള രാജ്യങ്ങളിൽ കൊറോണ വലിയ തോതിൽ റിപ്പോർട്ട് ചെയ്തു തുടങ്ങിയതിന് ശേഷമാണ് ചൈന ഈ നീക്കം നടത്തിയതെന്നാണ് അമേരിക്കൻ ചാരസംഘടനയായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചൈനയിലെ മാർക്കറ്റായ വുഹാനിലായിരുന്നു കൊറോണ ഏറ്റവുമാദ്യം റിപ്പോർട്ട് ചെയ്തത്.കൊറോണ വൈറസ് വുഹാനിലെ ലബോറട്ടറിയിൽ നിന്നും പുറത്തായതാണെന്നുള്ള പ്രസ്താവനയുമായി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തു വന്നത് വലിയ വാർത്തയായിരുന്നു.ഇപ്പോൾ പുറത്തു വന്നിരിക്കുന്ന, കോവിഡ് -19 ന്റെ ഗൗരവം കുറച്ചു കാണിക്കാൻ ചൈന ശ്രമിച്ചിരുന്നു വെന്ന തരത്തിലുള്ള വാർത്തകൾ അമേരിക്കൻ ജനതയിൽ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. അമേരിക്ക മാത്രമല്ല മുമ്പ് ജർമൻ ഇന്റെലിജൻസും ചൈനക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
അതേസമയം,ലോകാരോഗ്യ സംഘടനയുടെ തലവനുമായി ചൈനയുടെ പ്രസിഡന്റ് ജനുവരിയിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന റിപ്പോർട്ടുകൾ ലോകാരോഗ്യ സംഘടന പാടേ നിഷേധിച്ചു.ജനുവരി 30ന് കോവിഡ് -19 മഹാമാരി ബാധിച്ചതിനെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.










