കാബൂൾ: രാഷ്ട്രപുനർനിർമ്മാണത്തിലും സമാധാന പുനസ്ഥാപനത്തിലും ഇന്ത്യയുടെ സഹായം വിലമതിക്കാനാവത്തതാണെന്ന് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ നിലപാട് രാജ്യതാത്പര്യത്തിന് വിരുദ്ധമാണെന്ന താലിബാന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ലെന്ന് അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുമായുള്ള അഫ്ഗാൻ സർക്കാരിന്റെ ബന്ധങ്ങൾ അന്താരാഷ്ട്ര ചട്ടക്കൂടുകൾക്ക് വിധേയമാണെന്നും പരസ്പര സഹകരണത്തിൽ അധിഷ്ഠിതമാണെന്നും അഫ്ഗാൻ വിദേശകാര്യ വക്താവ് ഗ്രാൻ ഹെവാദ് വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയകളുടെ പുരോഗതി ഇന്ത്യയുമായി ചർച്ച ചെയ്യാനുള്ള അമേരിക്കൻ പ്രതിനിധിയുടെ നീക്കത്തിനെതിരെ താലിബാൻ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിനെതിരെയായിരുന്നു അഫ്ഗാൻ സർക്കാരിന്റെ പ്രതികരണം.
രാജ്യത്തെ സംബന്ധിച്ച് അന്തരാഷ്ട്ര തലത്തിലോ പ്രാദേശിക തലത്തിലോ അഭിപ്രായം പറയാനുള്ള അനുമതി താലിബാനില്ലെന്ന് അഫ്ഗാൻ രാഷ്ട്രീയ നിരീക്ഷകൻ ഖാലിദ് സാദത്ത് അഭിപ്രായപ്പെട്ടു. അഫ്ഗാൻ റേഡിയോ ചാനലായ റേഡിയോ ആസാദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യയം വ്യക്തമാക്കിയത്. താലിബാന്റെ ഇത്തരം പ്രതികരണങ്ങൾ അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.താലിബാൻ പാകിസ്ഥാന്റെ നാവായി പ്രവർത്തിക്കുകയാണെന്നും പാകിസ്ഥാനോ താലിബാനോ അഫ്ഗാനിസ്ഥാന്റെ കാര്യത്തിൽ അഭിപ്രായം പറയേണ്ട യാതൊരു ആവശ്യവുമില്ലെന്നും ഖാലിദ് സാദത്ത് പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാൻ വിദേശകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് ഹനീഫ് ആത്മറും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി വീഡിയോ കോൺഫറൻസിംഗ് വഴി ചർച്ച നടത്തിയിരുന്നു. സാമ്പത്തിക- പ്രതിരോധ സഹകരണങ്ങൾ വിപുലപ്പെടുത്താൻ ചർച്ചയിൽ തീരുമാനമായിരുന്നു.
അഫ്ഗാനിസ്ഥാനിൽ മാസങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായി രാഷ്ട്രപതി സ്ഥാനം പങ്കു വെയ്ക്കാനുള്ള അഷറഫ് ഗനിയുടെയും അബ്ദുള്ള അബ്ദുള്ളയുടെയും തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.












Discussion about this post