തിരുവനന്തപുരം : അവലോകന റിപ്പോര്‍ട്ട് നല്‍കാത്ത ഏരിയാ കമ്മിറ്റികള്‍ക്കു സിപിഎം സംസ്ഥാന കമ്മിറ്റിയുടെ രൂക്ഷ വിമര്‍ശനം. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ പങ്കെടുത്തുകൊണ്ടുള്ള സുപ്രധാന ഏരിയാ കമ്മിറ്റി യോഗങ്ങളുടെ റിപ്പോര്‍ട്ട് നേതൃത്വത്തിനു സമര്പ്പിക്കുന്നതിലാണു വലിയൊരു വിഭാഗം ഏരിയാ കമ്മിറ്റികളും വീഴ്ചവരുത്തിയത്. ആകെയുള്ള 205 കമ്മിറ്റികളില്‍ റിപ്പോര്‍ട്ട് നല്‍കിയത് ആകെ 68 എണ്ണം മാത്രം.
പാലക്കാട്ടെ പ്ലീനം തീരുമാനങ്ങളുടെ അവലോകനത്തിനായി ആലപ്പുഴ സംസ്ഥാന സമ്മേളന തീരുമാനപ്രകാരം ജൂലൈ 24,25,26 തീയതികളിലായി കേരളത്തിലെ മുഴുവന്‍ ഏരിയാ കമ്മിറ്റികളും വിളിച്ചുചേര്‍ത്തിരുന്നു. പൊളിറ്റ് ബ്യൂറോയിലുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വരെ ഇതില്‍ പങ്കെടുത്തു. ഈ മാസം 13,14 തീയതികളിലെ സംസ്ഥാന കമ്മിറ്റി യോഗത്തിനു മുന്‍പായി ഈ ചര്‍ച്ചയുടെ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു നിര്‍ദേശം. എന്നാല്‍ കോട്ടയം ജില്ലയില്‍ നിന്നു മാത്രമാണു മുഴുവന്‍ ഏരിയാ കമ്മിറ്റികളുടെയും റിപ്പോര്‍ട്ട് ലഭിച്ചത്.
റിപ്പോര്‍ട്ട് നല്‍കാത്ത കമ്മിറ്റികളുടെ കണക്ക്: തിരുവനന്തപുരം-6, കൊല്ലം- ആറ്, പത്തനംതിട്ട- ഒന്‍പത്, ആലപ്പുഴ- 11, ഇടുക്കി-13, എറണാകുളം-14, തൃശൂര്‍ -11, പാലക്കാട്-ഏഴ്, മലപ്പുറം-14,കോഴിക്കോട്-10, വയനാട്-നാല്, കണ്ണൂര്‍-13, കാസര്‍കോട്-ഒന്‍പത്.
ഏരിയാ സെക്രട്ടറിയുടെ വക റിപ്പോര്‍ട്ടും മേല്‍നോട്ടം വഹിച്ച സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ വക മറ്റൊരു റിപ്പോര്‍ട്ടുമാണു നേതൃത്വം തേടിയിരുന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ഭാഗത്തും സമാനമായ വീഴ്ച ഉണ്ടായി. 205ല്‍ 93 ഏരിയാ കമ്മിറ്റികളില്‍ പങ്കെടുത്തവര്‍ മാത്രമാണു റിപ്പോര്‍ട്ട് നല്‍കിയത്. ചികില്‍സയിലായിരുന്ന പി. ജയരാജന് ഒഴികെ മുഴുവന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും നിശ്ചയിച്ചപ്രകാരം യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.
Discussion about this post