ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ ബുക്കിംഗ് കൗണ്ടറുകൾ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ തുറക്കുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ.ടിക്കറ്റ് ബുക്ക്ചെയ്യുന്നതിനായി 1.7 ലക്ഷം സർവീസ് സെന്ററുകളാണ് ഒരുക്കിയിട്ടുള്ളത്.ഇതു വഴി നാളെ മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.ജൂൺ ഒന്ന് മുതൽ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സീറ്റ് റിസർവ് ചെയ്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളു.ജനറൽ കോച്ചുകൾ ഉണ്ടാവുമെങ്കിലും അതിലെ സീറ്റുകൾക്കും റിസർവേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.ഈ സീറ്റുകൾക്ക് സെക്കന്റ് സിറ്റിങ്ങിന്റെ ചാർജാണ് ഈടാക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്. ഇരുന്നൂറ് ട്രെയിനുകളാണ് ജൂൺ 1 മുതൽ സർവീസ് ആരംഭിക്കുന്നത്.ഇവയിലേക്കുള്ള ഓൺലൈൻ ബുക്കിംഗ് ഇന്ന് ആരംഭിച്ചിട്ടുണ്ട്.മുപ്പതു ദിവസം മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകൾ തുറക്കാൻ റെയിൽവേ ബോർഡ് അനുവാദം നൽകിയിട്ടുണ്ട്, എന്നാൽ ഭക്ഷണം പാഴ്സലായി വാങ്ങാൻ മാത്രമേ അനുവദിക്കുകയുള്ളൂ.ജൂൺ ഒന്ന് മുതൽ കേരളത്തിലെ കോഴിക്കോട് തിരുവനന്തപുരം, കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തും. നിസാമുദ്ദീൻ എറണാകുളം തുരന്തോ എക്സ്പ്രസ്സ്, ഹസ്രത് നിസാമുദ്ദീൻ എറണാകുളം മംഗള എക്സ്പ്രസ്, മുംബൈ തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്സ് എന്നീ ട്രെയിനുകളും ജൂൺ ഒന്ന് മുതൽ സർവീസ് ആരംഭിക്കും
Discussion about this post