തിരുവനന്തപുരം: ഓൺലൈൻ മദ്യവിതരണത്തിനായി തയ്യാറാക്കിയ വെർച്വൽ ക്യൂ ആപ്പായ ബെവ്ക്യു ആപ്പിൽ അഴിമതി ആരോപണം തീരുന്നില്ല. ആപ്പ് വഴി മദ്യം ബുക്ക് ചെയ്യുന്നതിന് ഈടാക്കുന്ന 50 പൈസ സ്വകാര്യ കമ്പനിക്ക് നൽകുന്നുവെന്നതാണ് ആപ്പിനെതിരായ ഏറ്റവും ശക്തമായ ആരോപണം. ഇങ്ങനെ ഒരു ഓർഡറിന് അമ്പത് പൈസ വെച്ച് ലഭിക്കുമ്പോൾ പ്രതിദിനം വൻ ലാഭമാണ് സ്വകാര്യ കമ്പനിക്ക് ലഭിക്കുന്നത് എന്നതാണ് ആരോപണം.
ബാറുകളിൽ നിന്ന് ഈടാക്കുന്ന 50 പൈസ ഫെയർകോഡ് കമ്പനിയിലേക്ക് പോകുന്നു എന്ന കാര്യം രേഖകളിൽ സൂചിപ്പിക്കുന്നു എന്നാണ് വ്യക്തമാകുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു. അതേസമയം നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടര ലക്ഷം രൂപയ്ക്ക് പുറമെ ഫെയർകോഡിന് മറ്റ് പണമൊന്നും നൽകുന്നില്ല എന്നാണ് ബെവ്കോയുടെ വാദം. 50 പൈസ ബെവ്കോയ്ക്ക് തന്നെയാണ് ലഭിക്കുന്നതെന്നും ബെവ്കോ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണെന്നാണ് പൊതുവിലെ ആരോപണം.
അതിനിടെ ബെവ്ക്യൂ ആപ്പ് വഴി മദ്യം ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം നാളെ മുതൽ ആരംഭിക്കും. ഇതിനനുസരിച്ച് വ്യാഴാഴ്ച്ച മുതൽ മദ്യവിൽപ്പന തുടങ്ങുമെന്നാണ് സൂചന.
Discussion about this post