ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ മേന്ധറിൽ പാക് ഷെല്ലാക്രമണം. ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. രണ്ട് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
ഗോലാഡ് ഗ്രാമവാസിയായ മുഹമ്മദ് യാസിൻ എന്നയാൾക്കാണ് പരിക്കേറ്റത്. പുലർച്ചെ 3.10ഓടെയായിരുന്നു നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ ആക്രമണം നടത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ പാക് സൈനികർ ഗ്രാമീണരുടെ നേർക്ക് ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയതായാണ് വിവരം.
കഴിഞ്ഞ ദിവസവും മേഖലയിൽ പാകിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തിയതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ പാക് പോസ്റ്റുകൾ നിശബ്ദമായെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴേകാലോടെ ഖാരി കർമാരയിലും പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇവിടെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാക് സൈനിക പോസ്റ്റുകൾക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
Discussion about this post