മലപ്പുറം: പടക്കം വെച്ച കൈതച്ചക്ക കൊടുത്ത് ആനയെ കൊന്ന സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സമാനതകളില്ലാത്ത യാതനകൾക്കൊടുവിലായിരുന്നു ഗർഭിണിയായ ആനയ്ക്ക് ദാരുണാന്ത്യം സംഭവിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായ തകർന്ന നിലയിൽ ആനയെ കണ്ടെത്തുന്നത് മെയ് 25നായിരുന്നു എന്ന് ഫോറസ്റ്റ് സർജൻ ഡോ. ഡേവിഡ് എബ്രഹാം പറയുന്നു. കണ്ടെത്തുമ്പോൾ ആനയുടെ വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഒരാഴ്ച മുമ്പെങ്കിലും അപകടം സംഭവിച്ചിരിക്കണം. അങ്ങനെയാണെങ്കിലേ വ്രണം പുഴുവരിക്കുന്ന അവസ്ഥയിലെത്തൂ. അതിനെ കണ്ടെത്തിയ മേഖലയിൽ വെച്ചു തന്നെയാണോ അപകടം സംഭവിച്ചതെന്ന് തീർച്ചപ്പെടുത്താനാവില്ല. വേദന കാരണം ആന ഓടാനുള്ള സാധ്യതയുണ്ട്. പൊതുവെ ഒരു ദിവസം നൂറിലധികം കിലോ മീറ്ററുകൾ ആന സഞ്ചരിക്കാറുണ്ട്. രക്ഷപ്പെടില്ല എന്ന് ആദ്യമേ അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
വായ തകർന്നു പോയതിനാൽ ഭക്ഷണം കഴിക്കാനാവാതെ എല്ലും തോലുമായ അവസ്ഥയായിരുന്നു ആനയ്ക്ക്. വയറില്‍ വെള്ളം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വെള്ളത്തിൽ നിന്നിരുന്ന ആന ഒടുവിൽ വെള്ളത്തിൽ തന്നെ ചെരിയുകയായിരുന്നു. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞിരുന്നുവെന്നും ഡോക്ടർ ഡേവിഡ് എബ്രഹാം സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം പ്രദേശത്ത് പന്നികളെ ഓടിക്കാനെന്ന വ്യാജേന പടക്കത്തിന്റെ ഉപയോഗം വ്യാപകമാണെന്ന് ആക്ഷേപമുണ്ട്. ഗർഭിണിയായ ആനയുടെ ദുർഗ്ഗതി സാമൂഹിക മാദ്ധ്യമങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
പടക്കം വെച്ച കൈതച്ചക്ക കടിച്ച് വായും നാവും തകർന്ന് പ്രാണവേദനയോടെ പരക്കം പാഞ്ഞപ്പോഴും ഒരാളെ പോലും ആക്രമിക്കാൻ ആന തുനിഞ്ഞിരുന്നില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.













Discussion about this post