വാഷിംഗ്ടൺ: ഇന്ത്യക്കെതിരായ ചൈനീസ് നീക്കത്തിൽ ശക്തമായ പ്രതികരണം ആവർത്തിച്ച് അമേരിക്ക. മറ്റു രാജ്യങ്ങൾക്കെതിരെയുളള ആക്രമണമാണ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ശരിക്കുള്ള സ്വഭാവമെന്ന് തെളിയിക്കുന്നതാണ് ഇന്ത്യക്കെതിരെ ചൈന നടത്തിയ ആക്രമണത്തിലൂടെ വ്യക്തമാകുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക് ഇവാനി പറഞ്ഞു. മേഖലയിലെ ചൈനയുടെ പ്രവൃത്തികൾ അമേരിക്ക സസൂഷ്മം നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ”ഇന്ത്യയോട് മാത്രമല്ല ലോകത്തിലെ മറ്റു രാജ്യങ്ങളോടും ചൈനയുടെ പെരുമാറ്റം ഇങ്ങനെ തന്നെയാണ്. കമ്യൂണിസ്‌റ്റ് പാർട്ടിയുടെ പൊതുസ്വഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്.‘ മക് ഇവാനി വ്യക്തമാക്കി.
ഇന്ത്യക്കെതിരെയുള്ള ചൈനീസ് അതിക്രമത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരത്തേ നിശിതമായി വിമർശിച്ചിരുന്നു. അമേരിക്കൻ കോൺഗ്രസിലെ പ്രതിനിധികളും ചൈനയ്ക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ചൈനീസ് മൊബൈൽ ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യൻ നീക്കത്തെ അമേരിക്കൻ വിദേശകാര്യ വിദഗ്ധരും ഐ ടി വിദഗ്ധരും പ്രശംസിച്ചിരുന്നു. ഇന്ത്യക്ക് പിന്നാലെ അമേരിക്കയും സമാനമായ നീക്കത്തിന് തയ്യാറെടുക്കുന്നതായും സൂചനകൾ ഉണ്ടായിരുന്നു.
നേപ്പാൾ അതിർത്തിയിലെ പ്രശ്നങ്ങൾക്ക് പിന്നിലും കശ്മീരിലെ പാക് പ്രകോപനങ്ങൾക്ക് പിന്നിലും ചൈനീസ് സാന്നിദ്ധ്യമാണെന്ന് അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തലുകൾ നിലനിൽക്കെയാണ് ചൈനയുടെ നയങ്ങളെ തുറന്നു കാട്ടി ഇന്ത്യയെ പിന്തുണച്ച് അമേരിക്ക രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post