ബെയ്ജിങ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ട് വേഗമേറിയ താരം. പുരുഷന്മാരുടെ 100 മീറ്റര്‍ ഫൈനലില്‍ 9.79 സെക്കന്‍ഡില്‍ ഓടിയെത്തിയ ബോള്‍ട്ട് വേഗതയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. 9.80 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ ജസ്റ്റിന് ഗാറ്റ്ലിനാണ് വെള്ളി.
മൂന്നാം സ്ഥാനത്ത് രണ്ടു പേരുണ്ട്. 9.92 സെക്കന്‍ഡില്‍ 100 മീറ്റര്‍ മാര്‍ക്ക് കടന്ന ട്രാവ്യോണ്‍ ബ്രോമ്മലും കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്സെയും വെങ്കലം പങ്കിട്ടു. അമേരിക്കയുടെ മൈക്ക് റോഡ്ജേര്‍സ് (9.94) തൊട്ടടുത്ത സ്ഥാനത്തെത്തിയപ്പോള്‍ മത്സരത്തിലെ പ്രമുഖരായ ടൈസന് ഗേയും (10 സെക്കന്‍ഡ്) അസഫ പവലും (10 സെക്കന്‍ഡ്) അതിനും പിറകിലായാണ് ഫിനിഷ് ചെയ്തത്.
സെമിയില്‍ 9.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ജസ്റ്റിന് ഗാട്ലിനാണ് ഫൈനലില്‍ കൂടുതല്‍ സാധ്യതയെന്ന വിലയിരുത്തലുകളെയെല്ലാം കാറ്റില്‍ പറത്തിയാണ് ബോള്‍ട്ട് ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യന് താന്‍ തന്നെയാണെന്ന് വീണ്ടും തെളിയിച്ചത്.തുടര്‍ച്ചയായ മൂന്നാം തവണയാണ് ബോള്‍ട്ട് തന്റെ സ്വര്‍ണം കാത്തത്.
Discussion about this post