ഡൽഹി: കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിന്‍റെ വിശദാംശങ്ങൾ അദ്ദേഹം നേരിട്ട് വിലയിരുത്തി. കസ്റ്റംസിന് പുറമെ മറ്റ് കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് സൂചന. കേസിന്‍റെ വിവരങ്ങള്‍ ഇന്റലിജൻസ് ബ്യൂറോയും റോയും പരിശോധിച്ചു വരികയാണ്.
കേസിലെ അന്താരാഷ്ട്ര ബന്ധങ്ങൾ, ഉന്നതതല ഇടപെടലുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഐ ബി അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിഗൂഢതകളും സ്വർണ്ണത്തിന്റെ ഉറവിടവും ആർക്ക് വേണ്ടി കടത്തി എന്നതും റോ പരിശോധിച്ചു വരികയാണ്. അന്താരാഷ്ട്ര ഭീകരവാദ സംഘങ്ങളുമായോ കള്ളക്കടത്ത് മാഫിയകളുമായോ ഉള്ള ബന്ധത്തിന്റെ സൂചനകൾ ലഭിച്ചാൽ എൻ ഐ എ ഇടപെടലിന് അമാന്തമുണ്ടാകില്ലെന്നാണ് വിവരം.
അതേസമയം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശക്തമായ ആരോപണങ്ങളാണ് സംസ്ഥാന സർക്കാരിനെതിരെ ബിജെപി ഉന്നയിക്കുന്നത്. അന്വേഷണത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത് നാടകമാണെന്നാണ് ബിജെപിയുടെ പരിഹാസം. കത്തയയ്ക്കുന്നതിന് പകരം സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയാണ് വേണ്ടതെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ട്വീറ്റ് ചെയ്തു.
‘എന്തിനീ ചവിട്ടുനാടകം പിണറായി വിജയൻ? കേസ് സിബിഐക്കു വിടാൻ ഒരു തീരുമാനം സർക്കാരിനെടുക്കാമായിരുന്നില്ലേ? എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
Discussion about this post