ഡൽഹി: ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ലഷ്കർ ഭീകരരിൽ നിന്നും കണ്ടെടുത്തത് പാക് നിർമ്മിത ആയുധങ്ങളെന്ന് സ്ഥിരീകരണം. നിയന്ത്രണ രേഖയ്ക്ക് നൂറ് മീറ്റർ മാത്രം അകലെ വെച്ചാണ് സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഒന്നാം വാർഷികം അടുത്തിരിക്കുന്ന വേളയിൽ സമാനമായ കൂടുതൽ അക്രമങ്ങൾക്ക് പാകിസ്ഥാൻ ഭീകരരെ ഇന്ത്യയിലേക്ക് കടത്തി വിടുന്നതിന്റെ സൂചനയാണ് ഇതെന്നാണ് റിപ്പോർട്ട്.
കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ഹന്ദ്വാര സ്വദേശിയാണ്. അഹമ്മദ് ഭട്ട് എന്ന ഇരുപത്തിമൂന്നുകാരനാണ് ഇയാൾ. എകെ 47 തോക്കുകളും വെടിയുണ്ടകളും ഒപ്പം ചൈനീസ് നിർമ്മിതമായ ഒരു പിസ്റ്റളും കൊല്ലപ്പെട്ട ഭീകരരിൽ നിന്നും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത ഗ്രനേഡുകളിൽ പാകിസ്ഥാൻ ഓർഡിനൻസ് ഫാക്ടറിയുടെ മുദ്ര വ്യക്തമാണെന്നും ഇത് അതിർത്തി കടന്നുള്ള ഭീകരവാദത്തിലെ പാക് പങ്ക് വ്യക്തമാക്കുന്നതാണെന്നും കശ്മീർ പൊലീസ് അറിയിച്ചു.
2001ലെ പാർലമെന്റ് ആക്രമണത്തിന് ലഷ്കർ ഭീകരർ ഉപയോഗിച്ചതും സമാനമായ ഗ്രനേഡ് ആയിരുന്നു. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാൻ പിന്തുണയോടെ ഭീകരർ നിരന്തരം ആക്രമണങ്ങൾ അഴിച്ചു വിടുന്നുണ്ട്. സൈന്യം കൊലപ്പെടുത്തുന്ന ഭീകരവാദികളെ നിഷ്കളങ്കരായ കശ്മീരി യുവാക്കൾ എന്ന ലേബലിൽ അന്താരാഷ്ട്ര വേദികളിൽ അവതരിപ്പികാനുള്ള ശ്രമവും പാകിസ്ഥാൻ നടത്തുന്നുണ്ട്. ഇതിനെതിരെ ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ കഴിഞ്ഞ ദിവസം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
ഈ വർഷം കശ്മീരിൽ കൊല്ലപ്പെട്ട ഭീകരവാദികളിൽ ഭൂരിഭാഗവും പാക് പൗരത്വമുള്ളവരായിരുന്നു. ഈ പശ്ചാത്തലത്തിൽ വൻ അട്ടിമറികൾക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് സൈന്യം.
Discussion about this post