ഡൽഹി: മദ്ധ്യപ്രദേശിന് പിന്നാലെ രാജാസ്ഥാൻ കോൺഗ്രസ്സിലും ഭിന്നത രൂക്ഷമാകുന്നു. ബിജെപിയിൽ ചേരാൻ സാദ്ധ്യതയെന്ന വാർത്തകൾ നിലനിൽക്കെ യുവനേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് ഡൽഹിലെത്തി.
മദ്ധ്യപ്രദേശിലേതിന് സമാനമായി മുതിർന്ന നേതാക്കളും യുവനേതാക്കളും തമ്മിലുള്ള ഭിന്നതയാണ് രാജസ്ഥാനിലും കോൺഗ്രസ്സിന് വിനയായിരിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത കഴിഞ്ഞ ദിവസങ്ങളിൽ മറനീക്കി പുറത്ത് വന്നിരുന്നു. നേതാക്കൾ തമ്മിലുള്ള ഭിന്നത മദ്ധ്യപ്രദേശിലെ അവസ്ഥയിൽ പാർട്ടിയെ കൊണ്ട് എത്തിക്കുമോ എന്ന ആശങ്കയിലാണ് പ്രവർത്തകർ.
സച്ചിൻ പൈലറ്റിനൊപ്പം വലിയൊരു വിഭാഗം എം എൽ എമാരും ഡൽഹിയിൽ എത്തിയിട്ടുണ്ട്. തനിക്ക് 23 എം എൽ എമാരുടെ പിന്തുണയുണ്ടെന്നാണ് സച്ചിൻ പൈലറ്റിന്റെ അവകാശവാദം. ഈ സാഹചര്യത്തിലാണ് സച്ചിൻ പൈലറ്റ് വിഭാഗം ബിജെപിയിൽ ചേരാൻ പോകുന്നുവെന്ന അഭ്യൂഹം ശക്തി പ്രാപിക്കുന്നത്. വിഷയത്തിൽ ബിജെപി തുടരുന്ന തന്ത്രപരമായ മൗനവും കോൺഗ്രസ്സിന്റെ നെഞ്ചിടിപ്പേറ്റുകയാണ്.
Discussion about this post