സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഐ എ എസ് പ്രതിയായേക്കുമെന്ന് സൂചന. ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷം എം ശിവശങ്കറിനെ കസ്റ്റംസ് തല്‍ക്കാലം വിട്ടയച്ചിട്ടുണ്ട്. ശിവശങ്കറിന്റെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും പ്രതിയാക്കാനുള്ള തെളിവുകള്‍ ലഭിച്ചതായും സൂചനകളുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ചരമണിയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ അര്‍ദ്ധരാത്രി കഴിഞ്ഞും തുടരുകയായിരുന്നു. ഒന്‍പത് മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം വെളുപ്പിന് രണ്ടരയ്ക്കാണ് ശിവശങ്കറിനെ വിട്ടയച്ചത്. കാര്‍ഗോ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തത്.
മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം കസ്റ്റംസ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങുമെന്നാണ് അറിയുന്നത്. ശിവശങ്കറിന്റെ ഫോണ്‍ വിളികള്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ അന്വേഹണസംഘം ശേഖരിച്ചിട്ടുണ്ട്. ഇതിനിടെ ശിവശങ്കരന്റെ ഫ്‌ളാറ്റിനു സമീപത്തെ ഹോട്ടലില്‍ കസ്റ്റംസ് പരിശോധന നടത്തി. ഈ ഹോട്ടലില്‍ ശിവശങ്കരനും മറ്റുപ്രതികളും മുറിയെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കേസിലെ പ്രതികളായ സന്ദീപ്, സരിത്, സ്വപ്ന എന്നിവരുമായി അടുത്ത ബന്ധമാണ് ശിവശങ്കരനുള്ളത്. ഏപ്രില്‍ മേയ് മാസങ്ങളില്‍ ഇരുപത്തിയഞ്ചോളം തവണ ശിവശങ്കരന്‍ സരിത്തിനെ വിളിച്ചതായി തെളിവുകള്‍ പുറത്തുവന്നു. സന്ദീപിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത് രണ്ട് മൊബൈല്‍ ഫോനുകളിലെ തെളിവുകള്‍ പുറത്തുവരാനുണ്ട്.
എന്നാല്‍ ശിവശങ്കരനെ സസ്പന്‍ഡ് ചെയ്യാനാകില്ല എന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ മാദ്ധ്യമങ്ങളെ അറിയിച്ചു. നിങ്ങള്‍ പറയുന്ന പോലെയൊന്നും ചെയ്യാനാകില്ല എന്നും സസ്പന്‍ഡ് ചെയ്യാന്‍ വേണ്ട കാരണങ്ങളൊന്നും ഇപ്പോഴില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുമെന്നാണ് സൂചനകളെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കസ്റ്റംസിനൊപ്പം എന്‍ ഐ എ ഉള്‍പ്പെടെയുള്ള മറ്റ് ഏജന്‍സികളും ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്‌തേക്കും.
ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായാണ് എന്‍ ഐ എ ഈ കേസ് കാണുന്നതെന്നും ഭീകരബന്ധങ്ങള്‍ ഈ കേസില്‍ ഉണ്ടാവാമെന്നും പ്രത്യേക കോടതിയെ എന്‍ ഐ എ അറിയിച്ചിരുന്നു. യു എ പി എ ചുമത്തിയാണ് സ്വപ്നയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post