ഡൽഹി: പാക് ജയിലിൽ തടവിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിന് നയതന്ത്ര സഹായം നൽകാൻ ഇന്ത്യക്ക് അനുവാദം ലഭിച്ചു. പാകിസ്ഥാനിലെ രഹസ്യ കേന്ദ്രത്തിൽ കുൽഭൂഷണെ സന്ദർശിച്ച ഇന്ത്യൻ നയതന്ത്ര സംഘം രണ്ട് മണിക്കൂറോളം അദ്ദേഹത്തോടൊപ്പം ചിലവിട്ടു. ഇന്ത്യൻ പ്രതിനിധി ഗൗരവ് അലുവാലിയയും മറ്റൊരു ഉദ്യോഗസ്ഥനുമാണ് കുൽഭൂഷൻ യാദവുമായി കൂടിക്കാഴ്ച നടത്തിയത്.
മുൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവുമായി സമ്പൂർണ്ണ സ്വതന്ത്രമായ കൂടിക്കാഴ്ചയാണ് ഇന്ത്യ ആവശ്യപ്പെട്ടത്. പാകിസ്ഥാൻ ഇത് നിരാകരിച്ചുവെങ്കിലും തടസ്സമില്ലാത്ത കൂടിക്കാഴ്ചയാണ് ലഭ്യമാക്കിയതെന്ന് പാക് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ സ്ഥിരീകരണം ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കുൽഭൂഷൺ യാദവിന് പുനപരിശോധന ഹർജി ഫയൽ ചെയ്യാനുള്ള അവസരം കൂടിക്കാഴ്ചയിലൂടെ ലഭ്യമായതായാണ് വിവരം. പുനപരിശോധനാ ഹർജി നൽകാൻ കുൽഭൂഷൺ വിസമ്മതിച്ചുവെന്നും ദയാഹർജിയുമായി മുന്നോട്ട് പോകാൻ അപേക്ഷിച്ചുവെന്നും ഈ മാസമാദ്യം പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യ ഔദ്യോഗികമായി തള്ളിക്കളഞ്ഞിരുന്നു. വിഷയത്തിൽ കഴിഞ്ഞ നാല് വർഷമായി പാകിസ്ഥാൻ തുടരുന്ന കാപട്യത്തിന്റെ പിന്തുടർച്ചയാണ് ഇതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചിരുന്നു. 2017ന് ശേഷം നീതിയുക്തമായ ഒരു വിചാരണ നടത്താനോ വിശ്വസനീയമായ തെളിവുകളോ രേഖകളോ ഇന്ത്യക്ക് കൈമാറാനോ പാകിസ്ഥാൻ തയ്യാറായിട്ടില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.
ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ പിടികൂടിയ കുൽഭൂഷൺ യാദവിനെ പാക് കോടതി 2017ൽ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് 2019ൽ അനുകൂല വിധി സമ്പാദിച്ചിരുന്നു.
കുൽഭൂഷണുമായി സ്വതന്ത്രമായ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതും പുനപരിശോധന ഹർജി ഫയൽ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചതും ഇന്ത്യ നേടുന്ന മികച്ച നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post