തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകളില്‍ ശേഷിക്കുന്നത് മുവ്വായിരം രൂപയില്‍ താഴെ മാത്രം.ഫൈസൽ ഫരീദിന്റെ ബാങ്ക് അക്കൗണ്ടുകൾ കസ്റ്റംസ് പരിശോധിച്ചപ്പോഴാണ് അക്കൌണ്ട് കാലിയായ വിവരം പുറത്തുവന്നത്. കഴിഞ്ഞ ദിവസം ആണ് ഫൈസലിന്റെ മൂന്ന് അക്കൗണ്ടുകള്‍ പരിശോധിച്ചത്.
ഒരു ബാങ്കില്‍ നിന്ന് വാഹനവായ്പയും എടുത്തിട്ടുണ്ട്. ഇതില്‍ ജപ്തി നടപടിയായി. അമ്പത് ലക്ഷം രൂപ വായ്പയെടുത്ത സഹകരണ ബാങ്കില്‍ തിരിച്ചടയ്ക്കാനുള്ളത് 37 ലക്ഷം രൂപയാണ്.തൃശ്ശൂർ മതിലകത്തെ സഹകരണ ബാങ്കിൽനിന്ന് ഫൈസലിന്റെ പിതാവ് പരീത് വർഷങ്ങൾക്കു മുമ്പ് രണ്ടുതവണയായി 25 ലക്ഷം രൂപ വീതം വായ്പയെടുത്തിരുന്നു. ഇത് കൃത്യമായി തിരിച്ചടച്ചതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് വായ്പാപരിധി 50 ലക്ഷമാക്കി ഉയർത്തി. എന്നാൽ, ഇതിൽ ഇപ്പോഴും 37 ലക്ഷം തിരിച്ചടയ്ക്കാനുണ്ട്.
ഫൈസൽ ഫരീദിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കസ്റ്റംസ് തൃശ്ശൂരിലെ മൂന്ന് പ്രധാന ബാങ്കുകൾക്ക് നോട്ടീസ് അയച്ചത്. കയ്പമംഗലത്തെ ബാങ്കുകളിൽ ഫൈസൽ ഫരീദിന് അക്കൗണ്ടുകളുണ്ടെന്ന് മൂന്നുപീടികയിലെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ കസ്റ്റംസ് കണ്ടെത്തിയിരുന്നു.
അക്കൗണ്ടുകളിലൊന്നും ഒരുപാട് കാലമായി ഇടപാടുകള്‍ നടന്നിട്ടില്ല. ഒരു ബാങ്കില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് എന്‍.ആര്‍.ഐ. അക്കൗണ്ട് തുറന്നിരുന്നു. ഇതിലും ഇടപാടുകള്‍ ഉണ്ടായിട്ടില്ല. ഇടപാടുകളില്ലാത്ത എന്‍.ആര്‍.ഐ. അക്കൗണ്ടിന്റെ വിവരങ്ങള്‍ റിസര്‍വ് ബാങ്കിനു കൈമാറണം. ഇതിനുള്ള നടപടികളിലാണ് ബാങ്ക്. ഫൈസല്‍ ഫരീദ് ബാങ്കുകളില്‍ നല്‍കിയ കെ.വൈ.സി. വിവരങ്ങള്‍ അടിയന്തരമായി ലഭ്യമാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.
പിതാവ് ദുബായ് മുനിസിപ്പാലിറ്റിയിൽ ജോലിക്കാരനായിരുന്നതിനാൽ പത്താംക്ലാസിനു ശേഷം ദുബായിൽ സ്ഥിരതാമസമാക്കിയതാണ് ഫൈസൽ. മൂന്ന് സഹോദരന്മാരും കുടുംബവും ഉൾപ്പെടെ എല്ലാവരും ദുബായിലാണ്. ഇടയ്ക്കിടെ നാട്ടിൽ വന്നുപോകാറുള്ള ഫൈസൽ ഒന്നരവർഷം മുമ്പാണ് ഒടുവിലെത്തിയത്.ദുബൈ റാഷിദിയ്യയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇവിടെ ആഡംബര ജിംനേഷ്യം, കാറുകളുടെ വര്‍ക്ക് ഷോപ്പ് എന്നിവ ഫൈസലിന്റെ ഉടമസ്ഥതയില്‍ ഉണ്ട്.
Discussion about this post