ആലപ്പുഴ: പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം വേണമെന്ന് ബിജെപി. ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാര്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
കേസില്‍ പ്രതിയായ വി എസ്സിന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ലതീഷ് ബി ചന്ദ്രന് ആവശ്യപ്പെട്ട സി ബി ഐ അന്വേഷണം നടത്താന്‍ സി പിഎം തയ്യാറാണോ എന്ന് വ്യക്തമാക്കണമെന്നും, കോണ്‍ഗ്രസ്സ് ഭരണകാലത്ത് പോലീസ് പ്രതികളാണെന്ന് പറഞ്ഞവരെ ഉടന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ സി പി എം എന്തുകൊണ്ട് ഈ സംഭവത്തില്‍ പാര്‍ട്ടി തല അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.
സ്ത്രീ പീഡനത്തിനും മോഷണത്തിനും വരെ പാര്‍ട്ടി തല അന്വേഷണം നടത്തുന്ന സി പി എമ്മിന്റെ കൃഷ്ണപിള്ള സ്മാരക ആക്രമണ വിഷയത്തിലെ മൗനം ദുരൂഹമാണ്. സി പി എം ഭരണത്തിലെത്തിയിട്ടും കേസ് പുനരന്വേഷണം നടത്താതിരുന്നത് ഭയംകൊണ്ടാണെന്നും ഇതുമായി ബന്ധപ്പെട്ട് വി എസ് അച്യുതാനന്ദന്റെ അഭിപ്രായമറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post