ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കാനിരിക്കെ ഉത്തർപ്രദേശ് സർക്കാരിനും കേന്ദ്രസർക്കാരിനുമെതിരെ നിലപാടെടുത്ത് സിപിഎം പോളിറ്റ് ബ്യൂറോ. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ഉത്തർപ്രദേശ് സംസ്ഥാന അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന് ഏറ്റെടുത്തത് സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. അയോധ്യാ തർക്കം ഇരുപക്ഷത്തിനും സ്വീകാര്യമായ ഉഭയകക്ഷി കരാർ വഴിയോ കോടതിവിധിയുടെ അടിസ്ഥാനത്തിലോ പരിഹരിക്കണമെന്ന നിലപാടാണ് സിപിഐ എം തുടക്കംമുതൽ സ്വീകരിച്ചത്. സുപ്രീംകോടതി വിധി പറയുകയും രാമക്ഷേത്ര നിർമാണത്തിന് വഴി തുറക്കുകയും ചെയ്‌തു.
നിർമാണച്ചുമതല ട്രസ്‌റ്റ് ഏറ്റെടുക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. ട്രസ്‌റ്റാണ് ഈ കടമ നിറവേറ്റേണ്ടത്. 1992 ഡിസംബർ ആറിന് ബാബ്‌റി മസ്‌ജിദ് തകർത്തതിനെ ക്രിമിനൽ കൃത്യമായി കണ്ട് കോടതി അപലപിച്ചിട്ടുണ്ട്. ഇതിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം, മസ്‌ജിദിന്റെ തകർച്ചയ്‌ക്ക് മുൻകാലപ്രാബല്യത്തോടെ നിയമസാധുത നൽകുന്നവിധം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കരുത്.
കോവിഡ് മഹാമാരി രാജ്യമെമ്പാടും പടരുന്ന സാഹചര്യത്തിൽ സമ്മേളനം അനുവദനീയമല്ലെന്നും സിപിഎം വ്യക്തമാക്കുന്നു.
എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും ചടങ്ങുകളെന്ന് ട്രസ്റ്റ് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വേദിയിൽ പ്രധാനമന്ത്രി അടക്കം നാല് പേർക്ക് മാത്രമേ ഇരിക്കാൻ അനുവാദമുള്ളൂ. സുപ്രീം കോടതി വിധിക്ക് അനുസൃതമായി ട്രസ്റ്റിന്റെ നേതൃത്വത്തിൽ തന്നെയാകും നിർമ്മാണ പ്രവർത്തനങ്ങളെന്ന് ബിജെപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സമാനമായ വിമർശനം ഒവൈസി ഉന്നയിച്ചപ്പോൾ, ഭരണഘടനാ പദവിയിൽ ഇരിക്കുകയാണെങ്കിലും മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രിക്ക് നിയന്ത്രണങ്ങളില്ലെന്ന് മുൻ പ്രധാനമന്ത്രിമാരുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി വിശദീകരിച്ചിരുന്നു.
Discussion about this post