ജപ്പാന്റെ ഇന്ധന കപ്പലിൽ നിന്നുള്ള ഇന്ധന ചോർച്ചയെ തുടർന്ന് ദ്വീപ് രാഷ്ട്രമായ മൗറീഷ്യസിൽ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ദിവസങ്ങൾക്കു മുമ്പ് എം.വി വക്കാഷിയോയെന്ന ഇന്ധന കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലെ പവിഴപ്പുറ്റിൽ ഇടിച്ചു കയറി അപകടം ഉണ്ടാവുകയായിരുന്നു.ഇതേ തുടർന്നാണ് ഇന്ധന കപ്പലിലെ 4,000 ടണ്ണോളം വരുന്ന ഇന്ധനം ചോരാനാരംഭിച്ചത്.സ്ഥിതി ഗുരുതരമായതോടെ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് മൗറീഷ്യസ് ഫ്രാൻസിനോട് സഹായമഭ്യർത്ഥിച്ചിട്ടുണ്ട്.കടലിൽ കുടുങ്ങിയ കപ്പലുകൾ വീണ്ടെടുക്കാനുള്ള കഴിവോ വൈദഗ്ധ്യമോ ഇല്ലാത്തതിനാൽ ഫ്രാൻസിന്റെ സഹായം കൂടിയേ തീരൂവെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ടാഗ് ചെയ്ത് ട്വിറ്ററിൽ കുറിച്ചു.ഇന്ധന കപ്പലിൽ നിന്നും ഇന്ധനം ചോരുന്ന സാറ്റലൈറ്റ് ചിത്രവും ട്വീറ്റിനോടൊപ്പം പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത് പങ്കു വെച്ചിട്ടുണ്ട്.











