തിരുവനന്തപുരം: ഫേസ്ബുക്കിൽ ഇന്ത്യയുടെ വികലമായ ഭൂപടം പ്രചരിപ്പിച്ചതിന് കോൺഗ്രസ്സ് നേതാവും അരൂർ എം എൽ എയുമായ ഷാനിമോൾ ഉസ്മാനെതിരെ പരാതി. കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രചരിപ്പിച്ചതിനെതിരെയായിരുന്നു സംഘപരിവാറും സിപിഎമ്മും പരാതിയുമായി എത്തിയത്.
കഴിഞ്ഞ ദിവസമാണ് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു കൊണ്ട് എം എൽ എ വിവാദ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ നിരവധി ആളുകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നതിനെ തുടർന്ന് എം എൽ എ പോസ്റ്റ് പിൻവലിച്ചിരുന്നു. ഫേസ്ബുക്ക് അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഭരണഘടനാപരമായ പദവിയിൽ ഇരിക്കുന്ന ഒരു നേതാവ് ഇത്തരത്തിൽ ലക്ഷണം കെട്ടതും അനൗദ്യോഗികവുമായ ഒരു ചിത്രം പ്രചരിപ്പിച്ചത് തികച്ചും അപലപനീയമാണെന്ന് സാമൂഹിക മാദ്ധ്യമങ്ങളിൽ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ദേശദ്രോഹപരമായ ഈ പ്രവൃത്തി ബോധപൂർവ്വമാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്ന് യുവാക്കൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം പരാതിക്കർ വിഷയം രാഷ്ട്രപതിയുടെയും ഗവർണ്ണറുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
Discussion about this post