വാഷിംഗ്ടൺ: ചൈനീസ് കമ്പനികൾക്ക് മേൽ ഇന്ത്യൻ മാതൃകയിൽ നിരോധനം തുടർന്ന് അമേരിക്ക. വിഡിയോ ആപ്പായ ടിക് ടോക്കിനു പിന്നാലെ ചൈനീസ് ടെക് ഭീമനായ ആലിബാബയെയും നിരോധിക്കാൻ ട്രമ്പ് ഭരണകൂടം തയ്യാറെടുക്കുന്നതായാണ് സൂചന. ഇ- കൊമേഴ്സ്, റീട്ടെയിൽ, ഇന്റർനെറ്റ് മേഖലകളിൽ പ്രവർത്തിക്കുന്ന ആലിബാബ ദേശസുരക്ഷയ്ക്കും വിദേശനയത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി നിരോധിക്കാനാണ് അമേരിക്കയുടെ നീക്കം.
നേരത്തെ ചൈനീസ് ആപ്പുകളായ ടിക്ക് ടോക്കിന്റെയും വീചാറ്റിന്റെയും ഉടമകളായ ബൈറ്റ്ഡാൻസുമായുള്ള എല്ലാതരം ഇടപാടുകളും അവസാനിപ്പിക്കാൻ ട്രമ്പ് ഉത്തരവിട്ടിരുന്നു. യുഎസിലെ ടിക് ടോക് ഉപയോക്താക്കളിൽനിന്നു ലഭിച്ച ഡേറ്റ കൈവശമുണ്ടെങ്കിൽ ഒഴിവാക്കാനും ബൈറ്റ്ഡാൻസിനോട് ആവശ്യപ്പെട്ടിരുന്നു. യുഎസ് ഉപയോക്താക്കളുടെ ഡേറ്റ ചൈനീസ് ഭരണകൂടത്തിനു ലഭിക്കുന്നുണ്ടെന്നാണ് ആരോപണം.
നേരത്തെ, വിവരചോരണവും ദേശസുരക്ഷയ്ക്കുള്ള ഭീഷണിയും മുൻ നിർത്തി നിരവധി ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് സമാനമായ നടപടി സ്വീകരിക്കാൻ യു എസ് കോൺഗ്രസ്സ് അംഗങ്ങൾ ട്രമ്പിനോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post