കോഴിക്കോട്: പെരിങ്ങളം കൊലക്കേസിൽ പ്രതി നാസറിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2017 സെപ്റ്റംബർ ഒന്നിനാണ് കത്തി കൊണ്ട് കുത്തിയും കൊടുവാൾ കൊണ്ട് വെട്ടിയും പെരിങ്ങളം സ്വദേശി റംലയെ ഭർത്താവ് നാസർ കൊലപ്പെടുത്തിയത്. മാറാട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം.
തടമ്പാട്ടുതാഴത്തെ വാടക വീട്ടിലായിരുന്നു റംലയും ഭർത്താവ് നാസറും താമസം. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റംലയുമായി നാസർ വഴക്കിടകുയായിരുന്നു. പണവും റംലയുടെ ഫോണും ആവശ്യപ്പെട്ടായിരുന്നു വഴക്ക്. കൊടുവാള്‍കൊണ്ട് തലയ്ക്കും കത്തികൊണ്ട് വയറിനും വെട്ടേറ്റ റംല ആശുപത്രിയിൽ എത്തും മുമ്പ് മരണപ്പെടുകയായിരുന്നു.
ദൃക്സാക്ഷികളില്ലാത്ത കേസിൽ ഇവർ താമസിച്ചിരുന്ന വീടിന്‍റെ ഉടമയുടെ മൊഴിയാണ് നിർണ്ണായകമായത്. നിലവിളി കേട്ട് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന റംലയെയും കത്തിയുമായി നിൽക്കുന്ന നാസറിനെയും കണ്ടെന്നായിരുന്നു മൊഴി. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ നാസർ കുറ്റക്കാരനാണെന്ന‌് കോടതി കണ്ടെത്തുകയായിരുന്നു.
Discussion about this post