തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഫയലുകൾ കത്തി നശിച്ച സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സെക്രട്ടറിയേറ്റിൽ കയറരുതെന്ന് പറയാൻ അത് മന്ത്രി ഇ.പി. ജയരാജന്റെ തറവാടല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
സ്വപ്‌നയും സരിത്തും അടക്കമുള്ള കള്ളക്കടത്ത് സംഘങ്ങള്‍ സെക്രട്ടേറിയറ്റില്‍ കയറി നിരങ്ങിയപ്പോള്‍ ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. തന്ത്രപ്രധാനമായ സെക്രട്ടേറിയറ്റിന്റെ ഒരു ബ്ലോക്കില്‍ തീപിടിച്ചപ്പോള്‍ ഓടിയെത്തിയ പൊതുപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും നടത്തിയത് വന്‍കുറ്റമായി മാറി. മാരകായുധങ്ങളുമായി എത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ അന്ന് എന്റെ കൂടെയുണ്ടായിരുന്നത് ബി.ജെ.പി. ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റും ഉള്‍പ്പെടുന്ന മാരകായുധമായിരുന്നുവെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
എന്‍.ഐ.എ അന്വേഷണത്തെ അട്ടിമറിക്കാനാണ് ശ്രമം നടന്നത്. ഫയലുകല്‍ക്ക് തീവെച്ചതാണ്. അതുകൊണ്ട് ഇതില്‍ സമഗ്രമായ അന്വേഷണം കോടതിയുടെ നിരീക്ഷണത്തില്‍ വേണം. സര്‍ക്കാര്‍ വാദങ്ങള്‍ വിശ്വാസയോഗ്യമല്ല. കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷിക്കാനുള്ള അവസരം ഒരുക്കണമെന്നും സുരേന്ദ്രന്‍ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറി എത്തുന്നതിന് മുന്നെ ഞങ്ങള്‍ എത്തിയെന്നാണ് മറ്റൊര് ആരോപണം. ആദ്ദേഹം വൈകിയതിന് ഞാന്‍ എന്ത് കുറ്റമാണ് ചെയ്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. തീപിടുത്തത്തിന് ശേഷം അഡീഷണല്‍ സെക്രട്ടറി പറഞ്ഞത് കത്തിയ ഫയലുകള്‍ ഗസ്റ്റ് ഹൗസിലെ റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ടവയാണ് എന്നാണ്. എങ്ങനെയാണ് അദ്ദേഹത്തിന് അത് പെട്ടെന്ന് മനസ്സിലായത്? അട്ടിമറിയില്ലെന്ന് എങ്ങനെയാണ് അദ്ദേഹത്തിന് പറയാന്‍ കഴിയുക? അടഞ്ഞ് കിടന്ന ഓഫീസില്‍ എങ്ങനെയാണ് ആളുകള്‍ കയറുകയെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
Discussion about this post