ലിബിയ : ലോകത്തെ ഞെട്ടിച്ച് വീണ്ടും അഭയാര്‍ഥി ബോട്ട് ദുരന്തം. അനധികൃത കുടിയേറ്റക്കാരെ കുത്തി നിറച്ചെത്തിയ ലിബിയന്‍ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 200ല്‍ അധികം പേര് മരിച്ചതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അപകടത്തില്‍ വളരെയേറെപേരെ കാണാതായതായും ലിബിയന്‍ വക്താവ് അറിയിച്ചു. അതേസമയം, അഭയാര്‍ഥികളെ അനധികൃതമായി യൂറോപ്പിലേക്ക് കടത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ മൂന്നു കള്ളക്കടത്തു സംഘാംഗങ്ങളെ ലിബിയന്‍ സര്‍ക്കാര്‍ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇതുവരെ 111 മൃതദേഹങ്ങള്‍ കണ്ടെടുത്തു. വളരെയധികംപേരെ ഇനിയും കണ്ടെത്താനായിട്ടില്ല എന്ന് ലിബിയന്‍ സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മിസ്റാറ്റി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ബോട്ടില്‍ 400ല്‍ അധികം അഭയാര്‍ഥികളുണ്ടായിരുന്നു. ഇതുവരെ 198 പേരെ രക്ഷപ്പെടുത്തിയതായും മിസ്റാറ്റി സ്ഥിരീകരിച്ചു. ഇന്നു മാത്രം 76 മൃതദേഹങ്ങളാണ് വീണ്ടെടുത്തത്.
പടിഞ്ഞാറന്‍ ലിബിയയിലെ സുവാര തുറമുഖത്തിന് സമീപമാണ് ബോട്ട് മുങ്ങിയത്. യൂറോപ്പില്‍ ഭേദപ്പെട്ട ജീവിതം സ്വപ്നം കണ്ട് കടല്‍മാര്‍ഗം അവിടേക്ക് കടക്കാന്‍ ശ്രമിക്കുന്ന ആഫ്രിക്കന്‍ ജനങ്ങളില്‍ ഭൂരിഭാഗവും യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത് വിശാലമായ ലിബിയന്‍ തീരമാണ്. 1,770 കിലോമീറ്ററിലധികം നീണ്ടുകിടക്കുന്നതാണ് ലിബിയയുടെ കടല്‍ത്തീര പ്രദേശം. ഇവിടെ നിന്ന് യാത്ര തിരിക്കുന്നവരില്‍ കൂടുതല്‍പേരും ലക്ഷ്യമിടുന്നത് ഇറ്റാലിയന്‍ തീരങ്ങളെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അനധികൃതമായി കടല്‍മാര്‍ഗം യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച് ഈ വര്‍ഷം മാത്രം മരണമടഞ്ഞത് 2,500ല്‍ അധികം പേരാണ്. ഇതുവരെ മൂന്നു ലക്ഷത്തിലധികംപേര്‍ കടല്‍മാര്‍ഗം അനധികൃതമായി യൂറോപ്പിലേക്ക് കടന്നതായും ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.
Discussion about this post