ഡൽഹി: ഓൺലൈൻ ചൂതാട്ട മാഫിയക്കെതിരെ കർശന നടപടികളുമായി കേന്ദ്രസർക്കാർ. ഓൺലൈൻ ചൈനീസ് ബെറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട് 46.96 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്ന നാല് എച്ച്എസ്ബിസി ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് മരവിപ്പിച്ചു. ഡൽഹി, ഗുഡ്‌ഗാവ്, മുംബൈ, പുണെ, തുടങ്ങി 15 കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിനെ തുടർന്നാണ് നീക്കം.
എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റെയ്ഡിൽ 17 ഹാർഡ് ഡിസ്കുകൾ, അഞ്ച് ലാപ്ടോപ്പുകൾ, ഫോണുകൾ, നിരവധി രേഖകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ കോടികളുടെ നിക്ഷേപമുണ്ടായിരുന്ന നാല് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. തെലങ്കാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ നിരോധന നിയമപ്രകാരം പരിശോധന നടന്നത്.
ചൈനീസ് ബെറ്റിംഗ് ആപ്പുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വിവിധ കമ്പനികളുടെ ഓഫീസുകൾ, ഡയറക്ടർമാർ, ചാർട്ടേർഡ് അക്കൗണ്ടന്റുമാർ എന്നിവരുടെ വീടുകളും ഓഫീസുകളും എന്നിവയാണ് പരിശോധിച്ചത്. തുടക്കത്തിൽ ഇന്ത്യാക്കാരായ ബിനാമി ഡയറക്ടർമാരാണ് കമ്പനികളിൽ ഉണ്ടായിരുന്നത്. പിന്നീട് ചൈനാക്കാർ രാജ്യത്തെത്തി ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. പേടിഎം, കാഷ്ഫ്രീ, റേസർപേ എന്നീ കമ്പനികളെയും ഇടപാടിനായി ആശ്രയിച്ചുവെന്നാണ് എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തിന് പുറത്ത് നിന്ന് പ്രവർത്തിച്ചിരുന്ന ഓൺലൈൻ ബെറ്റിങ് ആപ്പുകളുടെ ഭാഗമായി ഇന്ത്യയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ച കുറ്റത്തിനാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിൽ ചൈനീസ് ബെറ്റിംഗ് ആപ്പുകളുടെ ക്രമവിരുദ്ധത ബോദ്ധ്യപ്പെട്ടാൽ നിരോധനം അടക്കമുള്ള കർശന നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാനാണ് സാദ്ധ്യത.
Discussion about this post