മുംബൈ: നരേന്ദ്ര മോദിയോട് നേർക്കുനേർ നിൽക്കാൻ കോൺഗ്രസ്സിൽ ഇന്നും ഒരു നേതാവില്ലെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത്. ശിവസേന മുഖപത്രമായ സാമ്നയിലെ തന്റെ പ്രതിവാര പംക്തിയിലാണ് റാവത്ത് ഈ അഭിപ്രായപ്രകടനം നടത്തിയത്.
കോൺഗ്രസ്സ് പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കത്തിലും ശിവസേന നിലപാട് വ്യക്തമാക്കി. രാഹുൽ ഗാന്ധിയെ പാർട്ടി ചുമതല ഏറ്റെടുക്കുന്നതിൽ നിന്നും തടഞ്ഞാൽ അത് കോൺഗ്രസ്സിന്റെ വംശനാശത്തിന് കാരണമാകുമെന്ന് സാമ്നയിൽ പറയുന്നു. നെഹ്രു കുടുംബത്തിന് പുറത്തു നിന്നുള്ളയാൾ കോൺഗ്രസ്സ് നേതൃത്വത്തിൽ വരിക എന്ന ആശയം നല്ലതാണ്. എന്നാൽ വിഷയത്തിൽ സോണിയ ഗാന്ധിക്ക് കത്തയച്ച ആ 23 പേരിൽ ഒരാൾ പോലും അതിന് യോഗ്യനല്ലെന്നും ശിവസേന പരിഹസിക്കുന്നു.
‘ഒരിക്കലും മരണമില്ലാത്ത ഒരു വൃദ്ധയാണ് കോൺഗ്രസ്സ്‘ എന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എൻ ഗാഡ്ഗില്ലിന്റെ അഭിപ്രായവും സാമ്നയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആ വൃദ്ധയെ എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും ശിവസേന അഭിപ്രായപ്പെടുന്നു.
Discussion about this post