ഡൽഹി: കോൺഗ്രസ്സിലെ കുടുംബ വാഴ്ചയ്ക്കെതിരെ പൊട്ടിത്തെറിച്ച മുതിർന്ന നേതാക്കൾ വീണ്ടും പാർട്ടി താത്കാലിക അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതി. ഒരു വർഷം മുൻപ് പാർട്ടിയിൽ നിന്നും പുറത്ത് പോയ ഒൻപത് നേതാക്കളാണ് സോണിയ ഗാന്ധിക്ക് കത്തെഴുതിയിരിക്കുന്നത്. കുടുംബ വാഴ്ചയിൽ നിന്നും ഇനിയും പുറത്തു കടന്നില്ലെങ്കിൽ കോൺഗ്രസ് പാർട്ടി ചരിത്രത്താളുകളിൽ മാത്രം അവശേഷിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
മുൻ എം പി സന്തോഷ് സിംഗ്, മുൻ മന്ത്രി സത്യദേവ് ത്രിപാഠി, മുൻ എം എൽ എ വിനോദ് ചൗധരി, മുതിർന്ന നേതാക്കളായ നരെയ്ൻ മിശ്ര, നേക്ചന്ദ് പാണ്ഡേ, സ്വയം പ്രകാശ് ഗോസ്വാമി, സഞ്ജീവ് സിംഗ് തുടങ്ങിയവരാണ് കത്തെഴുതിയിരിക്കുന്നത്. ഉത്തർ പ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പ്രയങ്കാ ഗാന്ധി വദ്രക്കെതിരെയും കത്തിൽ പരോക്ഷ വിമർശനങ്ങളുണ്ട്.
പാർട്ടിയിൽ പ്രാഥമിക അംഗത്വം പോലുമില്ലാത്ത പി ആർ ടീമാണ് ഇപ്പോൾ കോൺഗ്രസ്സിനെ നിയന്ത്രിക്കുന്നത്. ഇവർക്കാർക്കും പാർട്ടിയുടെ ആദർശങ്ങളുമായി പുലബന്ധം പോലുമില്ല. ജനാധിപത്യ മൂല്യങ്ങളെല്ലാം കാറ്റിൽ പറത്തി മുതിർന്ന നേതാക്കളെ തൃണവൽഗണിക്കുകയാണ്. ഇങ്ങനെയാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ആദ്യം ഉത്തർ പ്രദേശിലും പിന്നീട് രാജ്യത്താകമാനവും കോൺഗ്രസ്സ് പാർട്ടി നാമാവശേഷമാകുമെന്നും കത്തിൽ വ്യക്തമാക്കുന്നു.
പാർട്ടി നേതൃത്വത്തിന്റെ അപചയത്തിനെതിരെ കപിൽ സിബലും ശശി തരൂരും ഗുലാം നബി ആസാദും രേണുക ചൗധരിയും അടക്കമുള്ള മുതിർന്ന നേതാക്കൾ നേരത്തെ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഇതിനെ ചൊല്ലിയുള്ള വിവാദം പാർട്ടിയെ പിടിച്ചുലയ്ക്കുമ്പോഴാണ് പുതിയ കത്തുമായി ഉത്തർ പ്രദേശിൽ നിന്നുള്ള നേതാക്കൾ എത്തിയിരിക്കുന്നത്.
Discussion about this post