പട്ന: കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ ജനവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആരോപിച്ചു. അഴിമതിയ്ക്ക് നേരെ മൗനം പാലിക്കുകയാണ് നരേന്ദ്രമോദിയെന്നും സോണിയ പറഞ്ഞു. ബഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെ.ഡി.യുവും ആര്.ജെ.ഡി.യും കോണ്‍ഗ്രസും സംയുക്തമായി നടത്തിയ സ്വാഭിമാന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു സോണിയ.
അശോക ചക്രവര്ത്തിയയുടെയും ചാണക്യന്റെയും ഗുരു ഗോവിന്ദ് സിങ്ങിന്റെയും നാടായ ബിഹാറിനെ അപമാനിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത്. ബിഹാറിന്റെ വികസനത്തിന് എന്നും സംഭാവന ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി ഉള്ളുപൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ്. എല്ലാ വര്‍ഷവും ഒരു കോടി തൊഴില്‍ നല്‍കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാല്‍, ഇപ്പോള്‍ എന്താണ് സംഭവിച്ചത്. സംസ്ഥാനത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. മോദി സര്‍ക്കാര്‍ ജനവിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എന്നും സോണിയ പറഞ്ഞു.
പ്രധാനമന്ത്രി ബീഹാറിനെ അപമാനിക്കുകയാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ പറഞ്ഞു. കപടവാഗ്ദാനങ്ങള്‍ നല്കി മോദി ജനങ്ങളെ വഞ്ചിക്കുകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
Discussion about this post